ബിജെപിയന്നാല്‍ ബ്രേക്ക് ജനതാ പ്രോമിസ്; പിന്തുണ പിൻവലിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തെലുങ്കു ദേശം പാർട്ടി
എന്‍ഡിഎയ്ക്ക് പിന്തുണ പിൻവലിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെലുങ്കു ദേശം പാർട്ടി. ബിജെപിയന്നാല്‍ ബ്രേക്ക് ജനതാ പ്രോമിസാണെന്നും കേന്ദ്ര സർക്കാർ ആന്ധ്രായിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും ടിഡിപി നേതാക്കൾ വ്യക്തമാക്കി.
ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതാണ് ടിഡിപി മുന്നണി വിടാൻ കാരണമായത്. പിന്തുണ പിൻവലിച്ചതിന് പിന്നാലെ ലോക്സഭയിൽ ടിഡിപി നേതാവ് തൊട്ട നരസിംഹം അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകി. എന്നാൽ സഭ ഇന്നത്തേക്കു പിരിഞ്ഞതിനാൽ നോട്ടിസ് പരിഗണിച്ചില്ല.
എന്‍ഡിഎ വിട്ട്, ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തെലുങ്കു ദേശം പാര്‍ട്ടിയുടെ തീരുമാനത്തിനെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം സ്വാഗതം ചെയ്തു. രാജ്യത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഒരു നീക്കമായിട്ടാണ് ഇതിനെ കാണുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
അതേസമയം അവിശ്വാസ പ്രമേയത്തിനു കോൺഗ്രസ് ഉൾപ്പെടെ ഏഴു പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതു സർക്കാരിനു തിരിച്ചടിയായി. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഇത്രയും പാർട്ടികൾ ഒന്നിച്ച് സർക്കാരിനെതിരെ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha