മോദി സര്‍ക്കാരിന് അഹങ്കാരവും അധികാരദാഹവും; കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് സോണിയ ഗാന്ധി
പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാരിന് അഹങ്കാരവും അധികാരദാഹവുമാണെന്ന് സോണിയ കുറ്റപ്പെടുത്തി. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഈ ധാര്‍ഷ്ട്യം നിറഞ്ഞ സര്‍ക്കാര്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ ആ ശ്രമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്നും സോണിയ വ്യക്തമാക്കി.
മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികളും പരിപാടികളും മോദി സര്‍ക്കാര്‍ ദുര്‍ബലമാക്കുന്നത് വളരെ വേദനയുളവാക്കുന്നുവെന്നും സോണിയ പറഞ്ഞു.
നമ്മള് നേരിടുന്ന വെല്ലുവിളികള്‍ സാധാരണ നിലയിലുള്ളവയല്ല. അഴിമതിയും, കുടിപ്പകയും ഇല്ലാത്ത ഒരു ഇന്ത്യയെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നിച്ച് നില്‍ക്കണം. കോണ്‍ഗ്രസ് എന്നത് വെറുമൊരു രാഷ്ട്രീയനാമമല്ല, അതൊരു മുന്നേറ്റമാണ്. കോണ്‍ഗ്രസിന്റെ വിജയമെന്നത് രാജ്യത്തിന്റെ വിജയമാണ് ഓരോ ജനങ്ങളുടെയും വിജയമാണെന്നും സോണിയ എഐസിസി പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha