ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ ഉടുമ്പും മൂര്‍ഖനും തമ്മില്‍ പോരാടുന്നതിന്റെ അപൂര്‍വ്വദൃശ്യങ്ങള്‍!
അനവധി വന്യമൃഗങ്ങള്‍ ഒത്തുചേര്‍ന്ന് വസിക്കുന്ന സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്ക്, അവ തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് വേദിയാകാറുമുണ്ട്. അതില്‍ പലതും വിനോദ സഞ്ചാരികളുടെ ക്യാമറയില്‍ പതിയാറുമുണ്ട്. എന്നാല്‍ വിനോദ സഞ്ചാരിയായ ഹെലന്‍ യങ്ങിന്റെ കാമറയില്‍പ്പെട്ടത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ദൃശ്യം ആയിരുന്നു.
പുലര്‍ച്ചെ കാറില്‍ സവാരിക്കിറങ്ങിയപ്പോഴാണ് ഉടുമ്പിന് പിന്നാലെ ഇഴഞ്ഞെത്തുന്ന മൂര്‍ഖന്‍ പാമ്പിനെ ഹെലന്‍ ശ്രദ്ധിച്ചത്. ആഫ്രിക്കയില്‍ കാണപ്പെടുന്ന വലിയയിനം വിഷപ്പാമ്പുകളില്‍ ഒന്നാണ് ഈ മൂര്‍ഖന്‍ പാമ്പ്. സാധാരണയായി രാത്രികാലങ്ങളിലാണ് ഇവ ഇരതേടാന്‍ ഇറങ്ങാറുള്ളത്.
ഉടുമ്പിന് പിന്നാലെയെത്തിയ പാമ്പ് ആദ്യം അതിന്റെ വയറിനു സമീപത്തായി കടിച്ചു പിടിച്ചു. എന്നിട്ടും ഇഴഞ്ഞു നീങ്ങിക്കൊണ്ടേയിരുന്ന ഉടുമ്പിന്റെ കഴുത്തിലായിരുന്നു പാമ്പിന്റെ വിഷപ്പല്ലുകള്‍ ആഴ്ന്നിറങ്ങിയത്. ഒടുവില്‍ വിഷമേറ്റ് തളര്‍ന്നു പോയ ഉടുമ്പ് റോഡിനരികിലായി തളര്‍ന്നു വീണു. മറ്റൊരു വാഹനം റോഡിലൂടെ പോയപ്പോള്‍ മൂര്‍ഖന്‍ ഹെലന്റെ കാറിനടിയിലേക്ക് വലിയുകയും ചെയ്തു.
അല്‍പനേരം കൂടി ഉടുമ്പിനെ ശ്രദ്ധിച്ചെങ്കിലും നാവ് പുറത്തേക്കിട്ട് ഉടുമ്പ് കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പാമ്പ് പിന്നീട് വന്ന് തന്റെ ഇരയെ ഭക്ഷിച്ചേക്കാമെന്ന പ്രതീക്ഷയില്‍ ഹെലന്‍ അവിടെനിന്നു മടങ്ങി. ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഹെലന്റെ മടക്കം.
ആഫ്രിക്കയിലെ കടുത്ത വിഷപ്പാമ്പുകളില്‍ ഒന്നാണ് സ്‌നൗട്ടഡ് കോബ്ര എന്നറിയപ്പെടുന്ന ഈ പാമ്പുകള്‍. സാധാരണയായി തവളകളും പക്ഷികളും പക്ഷികളുടെ മുട്ടകളും മറ്റ് ഉരഗ വര്‍ഗത്തില്‍ പെട്ട ജീവികളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഫ്രിക്കയിലെ ഉള്‍ഗ്രാമങ്ങളിലെ കൃഷിക്കാരുടെ പേടിസ്വപ്നമാണ് ഈ മൂര്‍ഖന്‍ പാമ്പുകള്‍. നാഡീവ്യൂഹത്തെയും കോശങ്ങളേയുമാണ് ഇവയുടെ വിഷം പെട്ടെന്ന് ബാധിക്കുക. അതുകൊണ്ട്തന്നെ ഇവയുടെ വിഷമേറ്റാല്‍ പെട്ടെന്ന് മരണം സംഭവിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha