വിപണി കണ്ടെത്താനാകാതെ വിലയിടിഞ്ഞ് ഭൗമസൂചികാ പദവിയ്ക്കരികെ എത്തിയ കുറ്റിയാട്ടൂര്‍ മാങ്ങ!

കണ്ണൂരിലെ കുറ്റിയാട്ടൂര്‍ മാങ്ങ ഭൗമസൂചികാ പദവി കൈവരിക്കുന്നതിന്റെ തൊട്ടടുത്തു നില്‍ക്കവേയാണ് ഇടിത്തീ പോലെ കോവിഡ് നിയന്ത്രണങ്ങള്‍ വന്നത്. ലോക് ഡൗണ്‍ കാലത്ത് വിപണി കണ്ടെത്താനാകാത്തതും വിലയിടിവും കര്‍ഷകരെ സങ്കടത്തിലാക്കുന്നു.
കഴിഞ്ഞ സീസണില്‍ 200 ടണ്‍ കച്ചവടം നടന്ന, കുറ്റിയാട്ടൂര്‍ മാങ്ങ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലുമാണു കൃഷി ചെയ്യുന്നത്. അതിന്റെ ഇരട്ടി, പറിക്കാന്‍ കഴിയാതെ മാവില്‍ നിന്നു വീണു പോയി. കഴിഞ്ഞ തവണ വിറ്റതിന്റെ നാലിലൊന്നു പോലും ഇത്തവണ വിളവില്ല. കാലാവസ്ഥാ വ്യതിയാനമാണു ചതിച്ചത്.
ജനുവരിയില്‍ തുടങ്ങി ജൂണോടെ തീരുന്നതാണു കുറ്റിയാട്ടൂര്‍ മാങ്ങയുടെ വിപണി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പകുതി വരെ 10 ടണ്ണിന്റെ കച്ചവടം നടന്നെങ്കില്‍ ഇത്തവണ ഇതുവരെ വിറ്റത് 10 ക്വിന്റലില്‍ താഴെ മാത്രം. കഴിഞ്ഞ വര്‍ഷം 120 രൂപ വരെ വിലയ്ക്കു വിറ്റ കുറ്റിയാട്ടൂര്‍ മാങ്ങയ്ക്ക് ഇത്തവണ വിപണിയില്‍ പരമാവധി വില 65 രൂപ മാത്രം. പ്രധാന വിപണി കോഴിക്കോടായിരുന്നു. എന്നാല്‍, കോഴിക്കോട് മാര്‍ക്കറ്റില്‍ ആവശ്യത്തിലേറെ മാങ്ങയായതോടെ അവിടെ ആവശ്യം കുറഞ്ഞു.
വേണ്ട പ്രചാരണം നല്‍കി, ജില്ലാ കേന്ദ്രത്തില്‍ കുറ്റിയാട്ടൂര്‍ മാങ്ങയ്ക്കു വില്‍പന കേന്ദ്രമൊരുക്കാന്‍ കൃഷിവകുപ്പ് തയാറാകണം. കഴിഞ്ഞ വര്‍ഷം കൃഷിഭവന്‍ മുഖേനെ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സ്റ്റാള്‍ തുറന്ന് വിറ്റപ്പോഴാണു കിലോയ്ക്ക് 120 രൂപ വില ലഭിച്ചത്. സിവില്‍സ്റ്റേഷനിലെ ഇക്കോ ഷോപ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നാണ് കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും പുറത്തുമായി നാല്‍പതു മാവുകള്‍ പാട്ടത്തിനെടുത്തിട്ടുള്ള ചട്ടുകപ്പാറ സ്വദേശി രാജീവന്റെ അഭിപ്രായം. 20 വയസുള്ളപ്പോള്‍ മുതല്‍ ചെയ്യുന്ന പണിയാണ്. ഇത്രയും പ്രതിസന്ധി ജീവിതത്തിലാദ്യമെന്നു രാജീവന്‍ പറയുന്നു. ഒറ്റ ഘട്ടമായി പറിച്ചിരുന്ന മാങ്ങ ഇപ്പോള്‍ മൂപ്പാവുന്നതു നാലു ഘട്ടമായാണ്.
ഇത്തവണ വിളവ് 10% വിളവ്- കഴിഞ്ഞ വര്‍ഷം 70 ശതമാനം, ഈ വര്‍ഷം 10 ശതമാനം. വില്‍പന ഏപ്രില്‍ പകുതി വരെ- കഴിഞ്ഞ വര്‍ഷം 10 ടണ്‍, ഈ വര്‍ഷം 10 ക്വിന്റല്‍, വില- കഴിഞ്ഞ വര്‍ഷം 120 രൂപ വരെ, ഈ വര്‍ഷം 65 രൂപവരെ
കഴിഞ്ഞ തവണ 120 രൂപവരെ ലഭിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. വിളവും വിലയും, ഇപ്പോള്‍ ലോക്ഡൗണും ചതിച്ചു. ന്യായമായ വില കിട്ടിയാല്‍ ഈ പ്രതിസന്ധി മറികടക്കാനാകും.
https://www.facebook.com/Malayalivartha