വിഷം തീണ്ടാത്ത മീനിന്റെ ചാകരയുമായി ഗ്രാമീണ മത്സ്യ കര്‍ഷകര്‍

ലോക്ഡൗണ്‍ കാലത്ത് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചതോടെ വളര്‍ത്തു മത്സ്യങ്ങള്‍ക്ക് പ്രിയമേറി. ഗ്രാമീണ മത്സ്യ കര്‍ഷകര്‍ക്ക് ചാകരയായി. കടല്‍, കായല്‍ മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ കുളത്തിലും കൂട്ടിലും കൃഷി ചെയ്യുന്നവരെ തേടി ജനങ്ങള്‍ എത്തിത്തുടങ്ങി. കുന്നത്തൂര്‍, പടിഞ്ഞാറെ കല്ലട, ശൂരനാട് വടക്ക് ഉള്‍പ്പെടെ താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും മത്സ്യ കൃഷിയും വിപണനവും സജീവമാണ്. ഫിഷറീസ് വകുപ്പ് സബ്‌സിഡി നല്‍കിയാണ് യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെയുള്ള കര്‍ഷകരെ മത്സ്യകൃഷിയിലേക്കു ആകര്‍ഷിക്കുന്നത്.
മത്സ്യ കുഞ്ഞുങ്ങളെ നല്‍കുന്നതിനൊപ്പം സബ്സിഡി നിരക്കില്‍ തീറ്റ, മറ്റ് സഹായങ്ങള്‍ എന്നിവ വകുപ്പ് നല്‍കുന്നുണ്ട്. കര്‍ഷകരെ സഹായിക്കാനും കൃഷി വ്യാപനത്തിനും എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ജീവനക്കാരെയും വകുപ്പ് നിയമിച്ചു. കര്‍ഷകരും വകുപ്പും ചേര്‍ന്നുള്ള പദ്ധതിയിലൂടെയാണ് ജനങ്ങളുടെ ആവശ്യത്തിന് മത്സ്യ ലഭ്യത ഉറപ്പാക്കാനാകുന്നത്.
കുളങ്ങള്‍, പറമ്പില്‍ നിര്‍മിച്ച ടാങ്കുകള്‍, ജലാശയങ്ങളില്‍ വല ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക കൂടുകള്‍ എന്നിവിടങ്ങളിലാണ് കൃഷി നടത്തുന്നത്. പ്രവര്‍ത്തനം നിലച്ച പാറ ക്വാറികളിലെ കുളങ്ങളും കൂട് കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.
ശുദ്ധമായ മീന്‍ കണ്‍മുന്‍പില്‍ ലഭിക്കുമെന്നതാണ് വളര്‍ത്തു മത്സ്യങ്ങളുടെ പ്രത്യേകത. 6 മാസം വളര്‍ച്ചയെത്തിയ രോഹു, കട്‌ല തുടങ്ങിയ മത്സ്യങ്ങള്‍ ഒരെണ്ണം ശരാശരി 350 ഗ്രാമിലേറെ തൂക്കം വരുന്നതാണ്. വളര്‍ത്തു മത്സ്യങ്ങളുടെ വേറിട്ട രുചിയും പലരെയും ആകര്‍ഷിക്കുന്ന കാരണങ്ങളില്‍ ഒന്നായി.
രോഹു, കട്‌ല, മൃഗാല്‍, ആസാം വാള എന്നീ മല്‍സ്യങ്ങള്‍ക്ക് കിലോഗ്രാമിന് 250 രൂപയും തിലാപ്പിയയ്ക്ക് കിലോയ്ക്ക് 300 രൂപയുമാണ് വില.
https://www.facebook.com/Malayalivartha