കേരളത്തിലെ മഴ സാഹചര്യം മാറും: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത. ഇതിന്റെ വേഗത സെക്കൻഡിൽ 15 cm നും 25 cm നും ഇടയിൽ മാറിവരാനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി11.30 വരെ 0.5 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും, സാദ്ധ്യതയുണ്ടെന്നും, വേഗത സെക്കൻഡിൽ 10 cm നും 45 cm നും ഇടയിൽ മാറിവരാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കേരളത്തിലെ മഴ സാഹചര്യവും മാറും. അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതോടെ ഇന്ന് കേരളത്തിൽ മഴ കനത്തേക്കും. വടക്ക് - വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമാകുന്നതോടെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും ആദ്യം മഴ കനക്കുകയെന്നാണ് വ്യക്തമാകുന്നത്. ഇതിനോട് അനുബന്ധമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു. 07-06 -2023: പത്തനംതിട്ട, ആലപ്പുഴ 08-06 -2023: ആലപ്പുഴ, എറണാകുളം, 09-06 -2023: തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്നാണ് പ്രവചനം. നാളെ മുതൽ തെക്കൻ കേരളത്തിലും, മധ്യകേരളത്തിലെ ചിലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകുന്നേരം തെക്കൻ കേരളത്തിൽ ലഭിച്ച ശക്തമായ മഴ കാലവർഷത്തിൻ്റെ സൂചന നൽകുന്നു. കാലവർഷം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് നടത്തിയേക്കും.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം. ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.
https://www.facebook.com/Malayalivartha