ബിപോർജോയ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത് മദ്ധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ: കേരളത്തിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യത:- ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ബിപോർജോയ് ചുഴലിക്കാറ്റ് മദ്ധ്യകിഴക്കൻ അറബികടലിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അടുത്ത 5 ദിവസങ്ങളിൽ വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. മഴ പ്രവചനത്തിന്റെ സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 4 ദിവസം കേരളതീരത്തു കാറ്റിന്റെ ശക്തി മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലാകാനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. മഴയോടൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. തിരുവനന്തപുരം പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണമാണ് റിപ്പോർട്ട് ചെയ്തത്. ആറ് വീടുകൾ പൂർണമായി തകർന്നു. നാല് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. തകർന്ന വീടുകളിലെയും കടലെടുക്കാൻ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചു.
ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും മാറ്റിപാർപ്പിച്ചു. കൂടുതൽ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നുണ്ട്. കൊല്ലംകോട് നിന്നും തമിഴ്നാട് നീരോടിയിലേക്ക് പോകുന്ന ടാറിട്ട് റോഡ് ഒരു കിലോ മീറ്ററോളം പൂർണമായും കടലെടുത്തു. ഇന്ന് വൈകീട്ടോടെയാണ് വീടുകളിലേക്ക് കടലടിച്ച് കയറിയത്.
സംസ്ഥാനത്ത് ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.
കാലവർഷം കർണാടകയിലും തമിഴ്‌നാട്ടിലും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ കാലവർഷക്കാറ്റ് കൂടുതൽ അനുകുല സ്ഥിതിയിലേക്ക് നീങ്ങുകയാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം ഉച്ചവരെ മേഘങ്ങൾ കരകയറാൻ മടിച്ചു നിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു തുടങ്ങി. ഇന്ന് മഴ ശക്തമാകുമെങ്കിലും, നാളത്തോടെ കുറയാനാണ് സാധ്യത. കാലവർഷം കൊങ്കൺ മേഖലയിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്. അക്ഷാംശ രേഖ വടക്ക് 15 ഡിഗ്രിവരെ കാലവർഷം എത്തി. കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് ഒപ്പം ആന്ധ്രാപ്രദേശിലും കാലവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. രത്‌നഗിരി, ശ്രീഹരിക്കോട്ട പുട്ടപർത്തി മേഖലയിലാണ് കാലവർഷം എത്തിയത്.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്.
ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.
മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
https://www.facebook.com/Malayalivartha