തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത: മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത....

കേരളത്തിൽ ഇന്ന് മുതൽ 16 വരെ ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിമീവരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിമീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതുണ്ട്.
മൽസ്യബന്ധന യാനങ്ങൾ ബോട്ട്, വള്ളം, മുതലായവഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും, മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 68 cm നും 90 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേ സമയം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം ഉണ്ടായത്. മാമ്പള്ളി സ്വദേശി ബൈബുവിൻ്റെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. തുടർച്ചയായ രണ്ടാം ദിവസമാണ് മുതലപ്പൊഴിയിൽ വള്ളം മറിയുന്നത്. മുതലപ്പൊഴിയിൽ മുന്നറിയിപ്പ് അവഗണിച്ച് കടലിൽപ്പോകുന്ന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് ആവർത്തിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ രണ്ട് വള്ളങ്ങളാണ് ഒന്നിനുപിറകെ ഒന്നായി അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും തീരപൊലീസും മറൈൻ എൻഫോഴ്‌സ്‍മെൻറും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
കൂടാതെ, കടലാക്രമണത്തെ തുടർന്ന് പൊഴിയൂരിൽ നിരവധി വീടുകൾ തകർന്നു. പൊഴിയൂർ, പരുത്തിയൂർ, സൗത്ത് കൊല്ലംകോട്, ഫിഷർമെൻ കോളനി തുടങ്ങിയ പ്രദേശത്താണ് കടൽക്ഷോഭം രൂക്ഷമായത്. കിഴക്കേ കൊല്ലംകോട് ഭാഗത്ത് അരക്കിലോമീറ്ററോളം ദൂരം കടൽ കവർന്നു. ആറ് വീടുകൾ പൂർണമായും 10ഓളം വീടുകൾ ഭാഗികമായും തകർന്നു. സുരക്ഷ മുൻനിറുത്തി 36 കുടുംബങ്ങളെ പൊഴിയൂർ ഗവ.യുപി സ്‌കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി പുലിമുട്ട് സ്ഥാപിച്ചതും തമിഴ്നാടിന്റെ ഭാഗമായ നീരോടി, കൊല്ലംകോട് മാർത്താണ്ഡംതുറ, വള്ളവിള, ഇടപ്പാട്, ചിന്നതുറ, പുത്തൻതുറ എന്നീ ഭാഗങ്ങൾ ഉൾപ്പെടുന്നിടത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടെ തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ പുലിമുട്ടുകളും സ്ഥാപിച്ച ശേഷമാണ് പൊഴിയൂരിൽ കടലാക്രമണം രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. പൊഴിയൂർ വള്ളവിള റോഡ് പൂർണമായി തകർന്നതോടെ നീരോടി, പരുത്തിയൂർ ഭാഗങ്ങൾ ഒറ്റപ്പെട്ട അവസ്ഥയാണ്.
https://www.facebook.com/Malayalivartha