ചെന്നൈയെ വിറപ്പിച്ച് കനത്ത മഴ: പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു; മരങ്ങള്‍ കടപുഴകി വീണു: തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ മഴ സാധ്യത: നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു....

ചെന്നൈ നഗരത്തില്‍ കനത്ത മഴ. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി. റോഡുകളില്‍ വെള്ളം കയറിയും മരം കടപുഴകിവീണും തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നതായും റിപ്പോര്‍ട്ടുണ്ട്.
കനത്ത വേനലിൽ വിയർത്തുകുളിച്ച നഗരവാസികൾക്ക് ആശ്വാസമായാണ് മഴ എത്തിയത്. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി മഴ പെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച മഴ ആദ്യം ശക്തിയോടെയും പിന്നീട് ശക്തി കുറഞ്ഞും ഏറെ നേരം തുടർന്നു. ഉച്ചയോടെ മിക്കയിടങ്ങളിലും മഴ അവസാനിച്ചെങ്കിലും വൈകീട്ടും ആകാശം മേഘാവൃതമായിരുന്നു.
നഗരത്തിലെ താപനിലയിൽ കാര്യമായ മാറ്റമുണ്ടായി. ഇന്നും, നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ചൂട് ഉയർന്ന നിലയിൽ തുടരുന്നത് സ്കൂൾവിദ്യാർഥികളെയടക്കം പ്രതിസന്ധിയിലാക്കിയിരിക്കെയാണ് മഴ എത്തിയത്.
ശനിയാഴ്ചതന്നെ മഴയുടെ ലക്ഷണമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ ചിലയിടങ്ങളിൽ ചാറ്റൽ മഴയും കാറ്റുമുണ്ടായിരുന്നു. മറ്റിടങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചൂടും കുറഞ്ഞുതുടങ്ങിയിരുന്നു. പിന്നീട് ഞായറാഴ്ച രാവിലെയായപ്പോഴേക്കും ശക്തമായ മഴ ആരംഭിച്ചു.
സെൻട്രൽ, കോടമ്പാക്കം, എഗ്‌മോർ, മൈലാപൂർ, ചൂളൈമേട്, ടി നഗർ, തേനാംപേട്ട്, സെയ്ദാപേട്ട്, അണ്ണാനഗർ, ചെത്‌പെട്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ പെയ്തു. ഇതോടെ, നഗരത്തിലെ കുറഞ്ഞ താപനില 27 ഡിഗ്രിയിലും താഴെയായി. മീനമ്പാക്കത്ത് രാവിലെ അനുഭവപ്പെട്ട കൂടിയ താപനില 30.1 ഡിഗ്രിയായിരുന്നു. ഇന്ന് പ്രതീക്ഷിക്കുന്ന കൂടിയ താപനില 33 ഡിഗ്രിയാണ്. കുറഞ്ഞത് 27 ഡിഗ്രിയും. നുങ്കമ്പാക്കത്തും ഇതേ താപനിലയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ കാലവർഷം തുടങ്ങുന്നതോടെ തമിഴ്‌നാട്ടിലും സാധാരണ ചൂട് കുറഞ്ഞ് തുടങ്ങുന്നതാണ്. എന്നാൽ, ഇത്തവണ ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിൽ ചൂടിന്റെ കാഠിന്യം കുറഞ്ഞില്ല. കഴിഞ്ഞയാഴ്ചയിലും ചെന്നൈയിൽ 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് അനുഭവപ്പെട്ടു. സാധാരണ കത്തിരിക്കാലമായ മേയിലാണ് താപനില 40 ഡിഗ്രിക്ക് മുകളിൽ തുടരുന്നത്. വേനൽ തുടർന്നതോടെ സ്കൂളുകൾ തുറക്കുന്നത് രണ്ടാഴ്ചയാണ് വൈകിയത്. അതിനിടെ കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇന്ന് മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha