കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത: ജില്ലകളിൽ യെലോ അലർട്ട്
ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. വരും മണിക്കൂറിൽ എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂലൈ രണ്ടിന് യെല്ലോ അലേർട്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനുമുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചു. തെക്കൻ ഗുജറാത്ത് തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്ക് പടിഞ്ഞാറൻ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്. വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണി മുതൽ കനത്ത മഴ പെയ്തിരുന്നു.
ഇത് രാത്രി ഏഴ് മണിക്ക് ശേഷവും തുടർന്നു. കൃഷിസസ്ഥലങ്ങളിലും വെള്ളം കയറി. കല്ലേരിക്കരയിൽ എം രാജീവൻ, വി വി ജാനകി, കെ മോഹനൻ, ഭാർഗവൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായി. തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയോട് ചേർന്ന് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂർ വിമാനത്താവളത്തിന് സമീപത്ത് 111 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മറ്റിടങ്ങളിൽ ഇതേ സമയത്ത് 76.5 മില്ലിമീറ്റർ മഴയും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha