തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത:- യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേര്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കുന്നതിനാലാണ് ഇത്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയാണ്. ഇന്നലെ രാവിലെ മുതൽ ഒറ്റപ്പെട്ട മഴ ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഒരു മണിയോടെ ശക്തമാകുകയായിരുന്നു. തുടർന്ന് ഇടമുറിയാതെ മഴ പെയ്തു. രാത്രിവരെ മഴ തുടർന്നു. മണിമല, പമ്പ, അഴുത ആറുകളിൽ ജലനിരപ്പ് വൈകിട്ടോടെ ഉയർന്നു.
എന്നാൽ വെള്ളപ്പൊക്ക ഭീഷണി നിലവിലില്ല. മഴ തുടർന്നാൽ കോസ്‌വേകൾ മുങ്ങുന്ന സ്ഥിതിയുണ്ടാകും. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ള ഇളങ്കാട്, ഉറുമ്പിക്കര ഭാഗങ്ങളിലും ശക്തമായ മഴ പെയ്യുന്നത്. എന്നാൽ ഇത് അപകട ഭീഷണിയിലേക്കു എത്തിയിട്ടില്ല. എരുമേലി ∙ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിൽ മഴ ശക്തം. തോടുകളിലും പമ്പ,ആഴുത ആറ്റിലും ജലനിരപ്പ് ഉയരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഇവിടെ ആരംഭിച്ച് മഴ വൈകിട്ട് ആറ് മണിക്കാണ് അൽപം ശമിച്ചത്. തോടുകളിലും ആറുകളിലും ഒഴുക്ക് ശക്തമായി. തോടുകൾ കരമുട്ടിയാണ് ഒഴുകുന്നത്.
https://www.facebook.com/Malayalivartha