അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം...

വേനല്‍ ചൂടിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ വേനൽ മഴയാണ് വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മിതമായ മഴയ്‌ക്കാണ് സാധ്യത എങ്കിൽ പതിനാലാം തീയതി പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ ഇല്ല. പതിനഞ്ചാം തീയതിയും മിതമായ മഴയ്‌ക്കാണ് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുമെന്നും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ അരമണിക്കൂറോളം നിര്‍ത്താതെ മഴപെയ്തപ്പോൾ തന്നെ തമ്പാനൂർ ഉൾപ്പെടെയുള്ള പലയിടത്തും വെള്ളക്കെട്ട് ഉണ്ടായത് ജനങ്ങളെ ദുരിതത്തിലാക്കി. സംസ്ഥാനം നിലവിൽ കടന്നു പോകുന്നത് സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൂടെയാണ്.
പകൽ മാത്രമല്ല, രാത്രിയിലും അന്തരീക്ഷ താപനില ഉയരുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. മഴ മുന്നറിയിപ്പുകൾക്കിടയിലും ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്നത് പലതും ജീവഹാനിയ്ക്ക് പോലും വഴിയൊരുക്കാമെന്ന് ഓർക്കുക.
ഇടിമിന്നൽ സമയത്ത് കേൾവി ശക്തി നഷ്ടമായ സംഭവങ്ങൾ പോലും പലതവണയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അപകടങ്ങൾക്ക് വഴിയൊരുങ്ങാതിരിക്കാൻ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം.
ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം.
അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
https://www.facebook.com/Malayalivartha