സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഒരു ജില്ലകളിലും മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ തുടരും. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്. മിതമായതോ നേരിയതോ ആയ മഴ സാധ്യതയെ ആണ് ഗ്രീൻ അലേർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്.
ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പില്ല. എന്നാൽ, ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും ഇവിടെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 31/12/2024: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.
അതേ സമയം തണുപ്പും,മഞ്ഞും ആസ്വദിച്ച് മനോഹര കാഴ്ചകൾ കാണാൻ ഇടുക്കിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നു. ക്രിസ്മസ്–പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർദ്ധിച്ചിട്ടുണ്ട്. മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലെല്ലാം കഴിഞ്ഞദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി എത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാൻ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവ നേരത്തേതന്നെ ഒരുങ്ങിയിട്ടുണ്ട്. വാഗമണ്ണിൽ മൊട്ടക്കുന്നുകളും അഡ്വഞ്ചർ പാർക്കുമാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ.
ഗ്ലാസ് ബ്രിജ് കൂടി വന്നതോടെ തിരക്ക് മുൻപത്തെക്കാൾ വലിയതോതിൽ കൂടി. മാസങ്ങൾക്കു മുൻപുതന്നെ ഇവിടെ മുറികളുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്.മൂന്നാറിൽ തുടർച്ചയായ മൂന്നാം ദിവസവും താപനില പൂജ്യത്തിൽ തുടരുകയാണ്.
തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വൻ തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിൽ. കഴിഞ്ഞ മൂന്നു ദിവസവും താപനില പൂജ്യത്തിൽ തുടരുന്നത് കുണ്ടള, മാട്ടുപ്പെട്ടി, തെന്മല, ചിറ്റുവര, കന്നിമല തുടങ്ങിയ സ്ഥലങ്ങളിലാണ്. ചെണ്ടുവരയിൽ കഴിഞ്ഞദിവസം താപനില മൈനസിലെത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനസ്സും ശരീരവും കുളിർപ്പിക്കുന്ന തണുപ്പാണ് നിലവിൽ.
https://www.facebook.com/Malayalivartha