ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം ഉടൻ; പി എസ് സി

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടൻ ഇറക്കാൻ പിഎസ്സി തീരുമാനിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള ഓഫിസ് അറ്റൻഡന്റുമാരെ തിരഞ്ഞെടുക്കുന്ന നിർണായക പരീക്ഷയാണിത്. 2018 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിലായിരിക്കും പരീക്ഷ. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഇക്കൊല്ലം ബിരുദ ധാരികൾക്ക് ഈ പരീക്ഷ എഴുതാൻ കഴിയില്ല. വിദ്യാഭ്യാസ യോഗ്യത പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുമെന്നാണ് കരുതുന്നത്. ബിരുദ പഠനം പൂർത്തിയാക്കാത്തവർക്കും ബിരുദ പരീക്ഷ തോറ്റവർക്കും അപേക്ഷിക്കുന്നതിനു തടസ്സമില്ല. അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഉടൻ ഇറക്കാനാണ് പി എസ് സി യുടെ തീരുമാനം. എൽഡി ക്ലാർക്ക് പരീക്ഷ ഓഗസ്റ്റിൽ പൂർത്തിയാക്കിയ ശേഷമായിരിക്കും ലാസ്റ്റ് ഗ്രേഡ് പരീക്ഷ തുടങ്ങുന്നത്.
നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി കഴിയാത്തതിനാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക് വേണ്ടിയായിരിക്കും പരീക്ഷ നടത്തുന്നത്. യൂണിഫോംഡ് ഫോഴ്സസിൽ ഫയർമാൻ കം പമ്പ് ഓപ്പറേറ്റർ ഉൾപ്പെടെയുള്ള മൂന്നു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha