ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ വ്യാജൻ ഇന്റർനെറ്റിൽ ;ഞെട്ടലിൽ അക്ഷയ് കുമാറും പിന്നണി പ്രവർത്തകരും

സിനിമാ വ്യവസായത്തെ ക്യാൻസർ പോലെ ബാധിച്ച വിപത്താണ് വ്യാജ പതിപ്പുകൾ റിലീസിന് മുൻപ് തന്നെ ഇന്റർനെറ്റിൽ വ്യാജൻ പ്രചരിക്കുന്നതിനും സൂപ്പർ ഹിറ്റായി ഓടുന്ന ചിത്രങ്ങളുടെ സെൻസർ കോപ്പികൾ ചോരുന്നതിനും യാതൊരു പഞ്ഞവുമില്ല. ആയിരക്കണക്കണക്കിന് വെബ്‌സൈറ്റുകൾ ഈ അനധികൃത പ്രകൃയയിൽ പങ്കാളികളാണ്.
അക്ഷയ് കുമാർ പ്രധാനവേഷത്തിലെത്തുന്ന ടോയ്‌ലറ്റ് ഏക് പ്രേം കഥയാണ് സിനിമാ ചോർത്തലിന്റെ പുതിയ ഇര. പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചിത്രം ഇന്റർനെറ്റിൽ പ്രചരിച്ചു. ഓഗസ്റ്റ് 11 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്ന വിവരം നൃത്തസംവിധായകൻ റെമോ ഡിസൂസയാണ് അണിയറ പ്രവർ ത്തകരെ അറിയിക്കുന്നത്. എന്നോടൊരാൾ ഈ ചിത്രം അയാളുടെ പെൻഡ്രൈവിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ വിശ്വസിച്ചില്ല. പെൻഡ്രൈവ് വാങ്ങി പരിശോധിച്ചപ്പോൾ സത്യമാണെന്ന് ബോധ്യമായി. ഞാൻ അക്ഷയ് കുമാറിനെ വിളിച്ചു നോക്കി. പക്ഷെ അദ്ദേഹം ലണ്ടനിലായതിനാൽ കിട്ടിയില്ല. പിന്നീട് നിർമാതാവിനെ വിളിച്ച് കാര്യം പറഞ്ഞു. അക്ഷയും സംവിധായകനുമെല്ലാം ഞെട്ടലോടെയാണ് ഈ വാർത്ത ശ്രവിച്ചത്- റെമോ ഡിസൂസ പറഞ്ഞു.
ചിത്രം ചോർന്ന സംഭവം സ്ഥിരീകരിച്ച് അക്ഷയ് രംഗത്തെത്തി. സിനിമാ മോഷണത്തിനെതിരെയുള്ള യുദ്ധം ദുഷ്കരമാണെന്ന് അറിയാം. ഞങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിങ്ങൾ പ്രേക്ഷകർ ഒരിക്കലും ഇത്തരക്കാർക്ക് പിന്തുണ നൽകരുത്. അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.
ശ്രീ നാരായണ് സിംഗ് സംവിധാനം ചെയ്യുന്ന ടോയി ലറ്റ് ഏക് പ്രേം കഥ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. വീട്ടിൽ ശൗചാലയം ഇല്ലാത്തതിനെ തുടർന്ന് ദാമ്പത്യ ജീവിതത്തിൽ ഒരു യുവാവിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കേന്ദ്ര സർക്കാർ സ്വഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഈ ചിത്രത്തെ ഉപയോഗപ്പെടുത്തും. ഭൂമി പടേക്കർ ,അനുപം ഖേർ , സനാ ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ .
https://www.facebook.com/Malayalivartha