വൈറലായ 'കുരുതി മോക്ഷം' സിനിമയിലേക്ക്

കൊച്ചി: പച്ചമനുഷ്യരുടെ രക്തം കുതിർന്ന മണ്ണു കൊണ്ടു കെട്ടിപ്പൊക്കുന്ന നവരാഷ്ട്രീയ സംസ്കാരത്തിനെതിരെ വൈകാരിക ജ്വാലയായി പടരുകയാണ് സോഹൻറോയ് എഴുതിയ ' കുരുതി മോക്ഷം' എന്ന കവിത. റിലീസിനു തയാറെടുക്കുന്ന 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' എന്ന സിനിമയിലാണ് ഈ കവിത ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഏറ്റവും അപകടകാരികളായ വന്യമൃഗങ്ങൾ പോലും അങ്ങേയറ്റം വിശക്കുമ്പോഴോ അരക്ഷിത സാഹചര്യങ്ങളിൽ പെട്ടു പോകുമ്പോഴോ മാത്രമേ മറ്റു മൃഗങ്ങളെ ആക്രമിക്കൂ എന്നിരിക്കേ, പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ, വെറും രാഷ്ട്രീയ നിലപാടുകളുടെ പേരിൽ, ആളുകളുടെ പച്ച ജീവൻ ഒറ്റക്കുത്തിന്പറിച്ചെടുക്കുന്ന തീവ്രവാദ കൊലപാതക രാഷ്ട്രീയത്തെ ശക്തമായ വരികളിലൂടെ അപലപിച്ചുകൊണ്ട് അതിനെതിരായ പൊതുബോധം സമൂഹമനസ്സുകളിൽ വളർത്തിയെടുക്കുവാൻ തികച്ചും പര്യാപ്തമായ വരികൾ എന്ന നിലയ്ക്കാണ് ഈ കവിത പരക്കെ അംഗീകരിക്കപ്പെടുന്നത്.
ജന മനസാക്ഷിയെ നോവിച്ച ദൈനംദിന സംഭവങ്ങളിലെല്ലാം ഇടപെട്ടുകൊണ്ട് കഴിഞ്ഞ ആറു മാസത്തിലധികമായി സോഹൻറോയ് സമൂഹ മാധ്യമങ്ങളിലൂടെ എല്ലാ ദിവസവും പങ്കുവച്ചു കൊണ്ടിരുന്ന അണുകവിതകൾ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിൽ തരംഗമായിരുന്നു. പത്തുലക്ഷത്തിലധികം പേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്ത യാത്രാമൊഴി പോലെ തന്നെ 'നമ്മൾ' ലിഗ, നിക്ഷേപകന്റെ അന്ത്യം, ശാന്തിതീരം, ആസിഫയുടെ സ്വർഗ്ഗം, ഹനാൻ തുടങ്ങി നിരവധികവിതകളും ഒന്നിനൊന്നു മികച്ചതായി പുറത്തു വന്നു.
ജനപ്രിയത മാനിച്ച് 2018 ഏപ്രിലിൽ അണുകാവ്യം എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചവ അടക്കം സോഹൻ റോയിയുടെ നൂറുകണക്കിന് അണുകവിതകൾ ഇന്ന് ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനുള്ള യാത്രയിലാണ്. DAM999 എന്ന തന്റെ ചിത്രത്തിനു വേണ്ടിയെഴുതിയ മൂന്നു ഗാനങ്ങൾ ഓസ്കാർചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു
തീഷ്ണമായ വരികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ സംഗീതം നൽകി കവിത ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാംആണ്. ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമയിലെ മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകരായ വിനീത് ശ്രീനിവാസൻ, സുദീപ്, രാജലക്ഷ്മി, അജയ് വാര്യർ തുടങ്ങിയവരാണ്. ഇൻഡി വുഡ് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുത്ത നവാഗത പ്രതിഭകൾ ആയ അഖിൽ മേനോൻ, ബിച്ചു വേണു, ശരണ്യ എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സെപ്റ്റംബർ 21ന് സിനിമ തീയേറ്ററുകളിൽ എത്തും.
https://www.facebook.com/Malayalivartha