ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഇടവേള ബാബു; ദിലീപ് ഇടപെട്ട് മലയാള സിനിമയില്‍ നിന്ന് നടിയെ മാറ്റിനിര്‍ത്തുന്നുവെന്ന് പരാതിപ്പെട്ടിരുന്നു...

കൊച്ചിയിൽ നടിയാക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിനു നല്‍കിയ മൊഴിയിൽ ഇടവേളബാബുവിന്റെ കൂടുതൽ വെളിപ്പെടുത്തൽ.ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കുന്നു. നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും ഇടവേള ബാബു പറയുന്നു. ഇതോടെ അമ്മ ഭാരവാഹികളുടെ കള്ളകളികള്‍ പൊളിയുകയാണ്.
ദിലീപ് ഇടപെട്ട് മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന് ആക്രമണത്തിനിരയായ നടി പരാതി പറഞ്ഞിട്ടുണ്ടെന്ന് ഇടവേള ബാബു വ്യക്തമാക്കുന്നു. ഏതൊക്കെ സിനിമയില്‍ നിന്നാണ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു.
ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചതായും ഇടവേള ബാബു മൊഴിനല്‍കി. ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്.
അതാത് സമയത്ത് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ല. ഇരയായ നടിയും കാവ്യയും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന്‍ സിദ്ദീഖ് പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു.
ആക്രമണത്തിനിരയായ നടിയും ഡബ്ലുസിസിയും ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്നതാണ് ഇടവേള ബാബുവിന്റെ മൊഴിയും. സമാനമായ മൊഴിയാണ് കേസില്‍ സിദ്ദീഖും പൊലീസിന് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha