പ്രണവ് മോഹന്‍ലാലിന് പ്രിയദര്‍ശന്റെ മകള്‍ കല്യാണി നായികയാകുന്നു. മലയാളസിനിമയില്‍ തലമുറകളുടെ സംഗമമായി മാറുകയാണ് ഈ ജോഡികള്‍

പ്രണവ് മോഹന്‍ലാലിന് പ്രിയദര്‍ശന്റെ മകള്‍ കല്യാണി നായികയാകുന്നു. മലയാളസിനിമയില്‍ തലമുറകളുടെ സംഗമമായി മാറുകയാണ് ഈ ജോഡികള്‍. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ നായികയായി കല്യാണി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ നടക്കുകയാണ്. മോഹന്‍ലാലും മഞ്ജുവാര്യരുമാണ് പ്രധാനകഥാപാത്രങ്ങള്‍. അവരുടെ ബാല്യകാലമാണ് പ്രണവും കല്യാണിയും അവതരിപ്പിക്കുന്നത്. കല്യാണി തെലുങ്കില്‍ നായികയായും പ്രണവ് മലയാളത്തില്‍ നായകനായും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പ്രണവ് നായകനായ ആദ്യ സിനിമ ആദി വിജയമായിരുന്നെങ്കില്‍ രണ്ടാംചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വലിയ പരാജയമാണ്.
പ്രണവും കല്യാണിയും ബാല്യകാല സുഹൃത്തുക്കളാണ്. മോഹന്‍ലാലും പ്രിയദര്‍ശനും അത് പോലെയായിരുന്നു. മരയ്ക്കാറില്‍ പ്രിയന്റെ മകന്‍ സിദ്ധാര്‍ത്ഥ് അസിസ്റ്റന്റ് ഡയറക്ടറാണ്. ചിത്രം, കിലുക്കം, പൂച്ചയ്‌ക്കൊരു മുക്കൂത്തി, ചന്ദ്രലേഖ, അദൈ്വതം, താളവട്ടം, വെള്ളാനകളുടെ നാട് , ഒപ്പം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും വന്ദനം, മിഥുനം, മിന്നാരം, ഗീതാഞ്ജലി, കാക്കക്കുയില്‍ തുടങ്ങിയ ഹിറ്റ് സിനിമകളും പ്രിയന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്. ഇരുവര്‍ക്കും പിന്നാലെ മക്കളും ഒന്നിക്കുമ്പോള്‍ കുടുംബ കൂട്ടായ്മയായി മരയ്ക്കാര്‍ മാറുകയാണ്. മോഹന്‍ലാലിന്റെയും പ്രിയന്റെയും അടുത്ത സുഹൃത്തായ ജി.സുരേഷ്‌കുമാറും മകള്‍ കീര്‍ത്തിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജി.സുരേഷ്‌കുമാര്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ബോളിവുഡ് നടന്‍ സുനില്‍ഷെട്ടിയാണ് മരിയ്ക്കാറിലെ വില്ലന്‍. പ്രഭു, സുഹാസിനി, നേടുമുടി വേണു, സിദ്ധിഖ് എന്നിവരാണ് മറ്റ് താരങ്ങള്‍, നൂറ്‌കോടിയിലധികം മുതല്‍മുടക്കുള്ള സിനിമ ആശീര്‍വാദും കോണ്‍ഫിഡന്റ് റോയിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിഷ്വല്‍ എഫക്‌സിന്റെ സഹായത്തോടെയാണ് കടലിലെ ചിത്രീകരണം നടക്കുന്നത്. സാബുസിറിളാണ് ആര്‍ട് ഡയറക്ടര്‍. സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ഫാസില്‍ അവ,രിപ്പിക്കുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിന് ശേഷം ഫാസില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മുമ്പ് ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ ഫാസില്‍ മോഹന്‍ലാലിന്റെ സുഹൃത്തായി അഭിനയിച്ചിരുന്നു. മമ്മൂട്ടിക്ക് വെച്ച വേഷമായിരുന്നു അത്. അദ്ദേഹത്തിന്റെ തിരക്ക്കാരണമാണ് ഫാസില്‍ ആ വേഷം ചെയ്തത്.
ഐ.വി ശശിയുടെ മകന്‍ അനുശശിയാണ് മരിയ്ക്കാറിന്റെ തിരക്കഥ എഴുതുന്നത്. ദീര്‍ഘകാലം പ്രിയന്റെ അസോസിയേറ്റായിരുന്നു അനുശശി. ഈ സിനിമയ്ക്ക ശേഷം അനുശശി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവാണ് നായകന്‍. മഞ്ജുവാര്യരും മോഹന്‍ലാലും തുടര്‍ച്ചയായി ജോഡികളായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും മരിയ്ക്കാറിനുണ്ട്. എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍ എന്നീ സിനിമകളില്‍ ഇരുവരും നായികാനായകന്‍മാരായിരുന്നു. ഇതിന് ശേഷം രണ്ടാമൂഴത്തിലും ലാലിന്റെ നായികയായി മഞ്ജു എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha