വനപാലകരെ മര്‍ദ്ദിച്ച കേസില്‍ മണിക്ക് ജാമ്യം

കലാഭവന്‍ മണിക്ക് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു ജാമ്യം. ഇന്നലെ ആതിരപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് മണി കീഴടങ്ങിയത്. മണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും കീഴടങ്ങി ജാമ്യമെടുക്കാനായിരുന്നു കോടതി നിര്‍ദേശം.
മണി അന്വേഷണത്തോടു സഹകരിക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി 50,000 രൂപയുടെ സ്വന്തം ജാമ്യത്തിന്റെയും അത്രതന്നെ തുകയ്‌ക്കുള്ള രണ്ട്. ആള്‍ജാമ്യത്തിന്റെയും ഉറപ്പില്‍ മജിസ്‌ട്രേറ്റ് കോടതി മണിക്ക് ജാമ്യം അനുവദിക്കണമെന്നും ഉത്തരവിട്ടിരുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്‍മുമ്പാകെ ഹാജരാകണം. സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യരുതെന്നു കോടതി നിര്‍ദേശിച്ചിരുന്നു.
ഈ മാസം 14 ന് രാത്രിയില്‍ വാഹന പരിശോധനയ്‌ക്കിടെ മണിയും സുഹൃത്ത് ഗോപിനാഥനും വനം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്. എന്നാല്‍ സംഭവസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഗോപിനാഥിന്റെ ഭാര്യയെ വനപാലകര്‍ അസഭ്യം പറഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് മണിയും സംഘവും പറഞ്ഞത്. സംഭവത്തിനുശേഷം മണി ബാംഗളൂരില്‍ ഷൂട്ടിംഗിനായി പോയി. ഇതിനു മുന്‍പായി മണി ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിരുന്നു.
വനപാലകര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് മണിയുടെ സുഹൃത്ത് ഗോപിനാഥിന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിരപ്പിള്ളി എസ്‌ഐ അരവിന്ദാക്ഷനാണ് കേസിന്റെ അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha