10,000 രൂപ നിക്ഷേപിച്ചാൽ ഓരാഴ്ചയ്‌ക്കകം 50,000 രൂപ തിരിച്ച് നൽകും; ചിത്രയുടെ പേരിൽ തട്ടിപ്പ് നടത്തിയ വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ചു!

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കെഎസ് ചിത്രയുടെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവം പുറത്തെത്തിയത്. ഇപ്പോഴിതാ ഇതിന് കാരണമായ വ്യാജ അക്കൗണ്ടുകൾ പൂട്ടിപ്പിച്ചിരിക്കുകയാണ്. പണം വാഗ്ദാനം നൽകിയ അഞ്ച് അക്കൗണ്ടുകൾ ആണ് പൂട്ടിച്ചത്.
ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമയും ഇതിൽ ഉൾപ്പെടും. ഇയാൾ സ്വയം പിൻവലിച്ചിട്ടുണ്ടെന്ന് സൈബർ ക്രൈം വിഭാഗം അറിയിച്ചു. ഇത്തരത്തിൽ തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽപ്പെട്ട ചിത്ര പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ടെലിഗ്രാം അക്കൗണ്ടുകളിലൂടെ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
താൻ ആരോടും പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും തന്റെ പേരിലുള്ള തട്ടിപ്പിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചിത്ര അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച സ്‌ക്രീൻഷോട്ടും ചിത്ര പങ്കുവെച്ചിരുന്നു. 10,000 രൂപ നിക്ഷേപിച്ചാൽ ഓരാഴ്ചയ്‌ക്കകം 50,000 രൂപ തിരിച്ച് നൽകും.
ഈ പദ്ധതിയുടെ അംബാസിഡറാണെന്നായിരുന്നു സന്ദേശം. ചിത്രയുടെ പേരും ചിത്രവും വച്ചായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചിരുന്നത്. ഐ ഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങളും ഇതിനൊപ്പമുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. അതേസമയം, ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശം നൽകി.
https://www.facebook.com/Malayalivartha