മകനെ കാണാനാകാതെ മടക്കം; ഒടുവിൽ ഗാന്ധിഭവനിലെ അച്ഛന്റെ മുറിയിലേയ്ക്ക് രാജ കൃഷ്ണ മേനോൻ എത്തി...

മലയാള സിനിമയിൽ നാല് പതിറ്റാണ്ട് നീണ്ട സാന്നിധ്യമായിരുന്ന നടൻ ടി.പി മാധവൻ അശരരണര്‍ക്ക് തണലായ് മാറിയ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്. സാധാരണ അന്തേവാസികളെ പോലെയല്ല ഗാന്ധിഭവനിൽ ഉള്ളവർ അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്. ഒരു പ്രത്യേക മുറി തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. സിനിമാക്കാർക്ക് കാണാനും സംസാരിക്കാനും സൗകര്യം ഒരുക്കി. അതിനായി ഓഫീസ് റൂമിനു മുകളിൽ അതേ വിസ്തീർണത്തിൽ പ്രത്യേകം ഒരു മുറി. അവിടെ പോസ്റ്ററുകളും, അവാർഡുകളും, മെമന്റോകളും നിറച്ചുവച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ അവിടെ എത്തി ആ മുറി സന്ദർശിച്ചിരിക്കുകയാണ്.
അവിടെ എത്തിയ മകനോട് ആവശ്യമുള്ള സാധങ്ങൾ ഒക്കെ എടുക്കാം എന്നായിരുന്നു ഗാന്ധിഭവനിലെ അന്തേവാസികൾ പറഞ്ഞത്. എന്നാൽ അതൊന്നും എടുക്കാതെ അച്ഛന്റെ ഓർമ്മയ്ക്കായി ചില ചിത്രങ്ങൾ മാത്രമെടുത്ത് ബാക്കി ഗാന്ധിഭവനെ ഏൽപ്പിച്ച് മകൻ രാജ കൃഷ്ണ മേനോൻ മടങ്ങി. ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി ഏർപ്പാടാക്കിയത് ഗാന്ധിഭവന്‍ സാരഥി സോമരാജൻ ആയിരുന്നു. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തി. ഗാന്ധിഭവനിലെ ജീവിതം മാധവൻ ഏറെ ആസ്വദിച്ചിരുന്നു. വായിക്കാൻ പുസ്തകങ്ങളും സംസാരിക്കാൻ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊർജ്ജ്വസ്വലനായി.
ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. ഒരു മകനും മകളുമാണ് മാധവന്. ടി.പി.മാധവന്റെ മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജകൃഷ്ണ മേനോന്‍. സമ്പന്നമായൊരു കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു ടിപിയുടെ ഭാര്യയായി വന്നത്. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നത്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി തിരിച്ച് വീട്ടില്‍ ചെന്നപ്പോള്‍ ഡിവോഴ്‌സ് നോട്ടീസായിരുന്നു കിട്ടിയത്.
സിനിമയില്‍ അഭിനയിക്കാനാണോ പ്ലാന്‍ എന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ വര്‍ഷങ്ങള്‍ക്ക് ശേഷം മകനും കറങ്ങിത്തിരിഞ്ഞ് സിനിമയിലെത്തി. തികച്ചും അവിചാരിതമായാണ് താന്‍ സിനിമയിലെത്തിയതെന്നായിരുന്നു മകനായ രാജകൃഷ്ണന്‍ പറഞ്ഞത്. നാല് തവണയില്‍ കൂടുതല്‍ അദ്ദേഹം എന്നെ കണ്ടിട്ടുണ്ടാകില്ല. അമ്മ ഗിരിജയാണ് എന്നേയും സഹോദരിയേയും വളര്‍ത്തിയത്.'' എന്നായിരുന്നു അച്ഛനെക്കുറിച്ച് നേരത്തെ രാജ് കൃഷ്ണ മേനോന്‍ പറഞ്ഞത്. മകനെ ഒന്ന് കാണണമെന്ന് ടിപിയ്‌ക്ക് വലിയ ആഗ്രഹമായിരുന്നു. അതിനുള്ള ശ്രമങ്ങളും ഗാന്ധിഭവനിൽ ഉള്ളവർ നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടു,
അതിനിടെ മാധവനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ശാന്തിവിള ദിനേശ് പ്രതികരണം നടത്തിയിരുന്നു. ടിപി മാധവനല്ല കുടുംബത്തെ ഉപേക്ഷിച്ച് മറിച്ച് ഭാര്യയും മക്കളുമാണ് അദ്ദേഹത്തെ ഇട്ടിട്ട് പോയതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. വലിയൊരു കുടുംബത്തില്‍, വലിയൊരു മനുഷ്യന്റെ മകനായി ജനിച്ചിട്ടും എവിടേയും എത്താനായില്ല. അദ്ദേഹം തന്നെ പറയാറുണ്ട് തന്റെ തെറ്റ് ആണെന്ന്.
പക്ഷെ അദ്ദേഹത്തിന്റെ തെറ്റല്ല. അദ്ദേഹം സിനിമാക്കാരന്‍ ആയതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ബന്ധം വേര്‍പെടുത്തിപ്പോയി. മകനും മകളും വരുമെന്ന് വാര്‍ത്ത കണ്ടു. വരുന്നെങ്കില്‍ അവസാനമായി കാണട്ടെ. വന്നില്ലെങ്കിലും സാരമില്ല എന്നദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ ടി.പി. മാധവനെ അവസാനമായി കാണാൻ പൊതുദർശന വേദിയിൽ മകളും മകനും എത്തിയിരുന്നു. തിരുവനന്തപുരത്തെ പൊതുദർശന വേദിയിലേക്കായിരുന്നു ഇവരെത്തിയത്. ടി.പി. മാധവന്റെ സഹോദരങ്ങളും എത്തിയിരുന്നു.
https://www.facebook.com/Malayalivartha