പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കി
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നടിയും നിർമാതാവുമായ സാന്ദ്രാ തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സാന്ദ്ര സംഘടനയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു.
ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടീസും സംഘടന നൽകി. ഇതും തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്നാണ് സംഘടനയിൽ നിന്ന് പുറത്താക്കിയതെന്നാണ് വിവരം.
നേരത്തെ, സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന് സാന്ദ്ര പരാതി നൽകിയിരുന്നു. ഇതിനെതുടർന്ന് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
തന്നെ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് പരാതി നൽകിയെങ്കിലും അതിൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. തുടർന്ന് സംഘടന നിശിതമായി വിമർശിച്ച് സാന്ദ്ര കത്തയയ്ക്കുകയും ചെയ്തു. ഈ കത്ത് പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തായി.
സിനിമാ നിർമാണ മേഖല സ്ത്രീ വിരുദ്ധമാണെന്നും സംഘടനയിൽ പവർ ഗ്രൂപ്പ് ശക്തമാണെന്നും സാന്ദ്ര കത്തിലൂടെ ആരോപിച്ചു. പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ ഫിയോക്കിന് വേണ്ടി നിലനിൽക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കാൻ വിളിച്ച ശേഷം താൻ അപമാനിക്കപ്പെട്ടുവെന്നും സാന്ദ്ര പറയുന്നു.
ആ മാനസികാഘാതത്തിൽ നിന്ന് ഇപ്പോഴും പൂർണമായി മോചിതയായിട്ടിെല്ലന്നും തനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കുന്നു. സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റും സെക്രട്ടറിയും രാജി വയ്ക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha