മഹേഷിന്റെ പ്രതികാരത്തിന് ശേഷം വീണ്ടും പോത്തേട്ടന്‍ ബ്രില്യന്‍സ്!!

പൊലീസുകാര്‍ക്ക് പതിവുള്ളതല്ല കൂട്ടത്തോടെ അവധിയെടുത്തു സിനിമയ്ക്കു പോവുക. എന്നാല്‍, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' കാണാന്‍ ആദൂര്‍ സിഐ സിബി കെ.തോമസിന്റെ നേതൃത്വത്തില്‍ സിനിമ റിലീസാകുന്ന ആദ്യ ദിവസം തന്നെ പൊലീസുകാര്‍ രാവിലെ കാഞ്ഞങ്ങാട്ടെ തിയറ്ററിലെത്തി. പ്രദര്‍ശനം തുടങ്ങിയതോടെ കാഴ്ചക്കാര്‍ക്ക് അദ്ഭുതം. ഒപ്പമിരിക്കുന്ന സിഐ സ്‌ക്രീനില്‍ എസ്‌ഐയായി തകര്‍ത്തഭിനയിക്കുന്നു. സിവില്‍ ഡ്രസ്സില്‍ ഷോയ്ക്ക് ഹാജരായ മറ്റു പൊലീസുകാരും സിനിമയില്‍ പൊലീസ് വേഷത്തില്‍... സംസ്ഥാനത്തെമ്പാടുമുള്ള 23പൊലീസുകാര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കാസര്‍കോടു ചിത്രീകരിച്ച സിനിമയില്‍ ജില്ലയിലെ ഏഴു പൊലീസുകാര്‍ക്കാണ് അവസരം ലഭിച്ചത്.
കാസര്‍കോട്ടെ ഷേണി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയായ സാജന്‍ മാത്യു എന്ന കഥാപാത്രമാണ് സിനിമയില്‍ സിബി കെ.തോമസിന്. സിനിമ മോഹിച്ചു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന സിബി പിന്നീട് അഭിനയ മോഹം ഉപേക്ഷിച്ചാണ് യൂണിഫോമണിഞ്ഞത്. ഇപ്പോള്‍ ആദൂര്‍ സ്റ്റേഷനിലെ 'ശരിക്കും' സിഐയായ സിബിക്കു പൊലീസ് വേഷത്തിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവായി സിനിമ. ശുപാര്‍ശകളോ മുന്‍പരിചയങ്ങളോ ഉപയോഗപ്പെടുത്താതെ നടന്മാര്‍ക്കു വേണ്ടിയുള്ള ഓഡിയേഷനില്‍ നിന്നാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍ സിബിയെ കണ്ടെത്തിയത്.
വിയോജിപ്പുകളോ വിമര്‍ശനങ്ങളോ ഇല്ലാതെ പ്രേക്ഷകരും നിരൂപകരും ചലച്ചിത്രലോകവും ഒന്നടങ്കം ഒരു സിനിമയെ തോളിലേറ്റി ആഘോഷിക്കുകയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലൂടെ. പോയ വര്‍ഷം മഹേഷിന്റെ പ്രതികാരം പുറത്തുവന്നപ്പോഴും മലയാളികള്‍ സാക്ഷ്യം വഹിച്ചത് അത്തരമൊരു മൂഹൂര്‍ത്തത്തിനാണ്. ഇപ്പോഴിതാ റിയലിസ്റ്റിക് ആഖ്യാനത്തിന്റെ സത്യസന്ധയിലും അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ രണ്ടാം സിനിമയെയും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകരും ചലച്ചിത്രലോകവും.
നമ്മുടെ നിയമവ്യവസ്ഥയെ ഇത്ര ഫലപ്രദമായി 'സ്പൂഫ്' ചെയ്യുകയും, കുറ്റം/ വിചാരണ/ ശിക്ഷ എന്നീ സംവര്‍ഗ്ഗങ്ങളെ നിശിതമായ ഹാസ്യത്തിലൂടെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന ഒരു സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. മലയാളി എന്ന നിലയില്‍ അഭിമാനം തോന്നിയ സിനിമയെന്ന് ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്. ഒരിക്കല്‍കൂടി പോത്തേണ്ടന്‍ ബ്രില്യന്‍സ് എന്ന് അജു വര്‍ഗ്ഗീസ്. സിനിമയെ അമ്പത് വര്‍ഷം പുറകോട്ട് വലിക്കുന്നവര്‍ ഈ സിനിമ കാണണമെന്ന് തിരക്കഥാകൃത്ത് പി എസ് റഫീക്ക്. ശെന്താ ഒരു പടം പടക്കം പൊട്ടും പോലെ കയ്യടി മുഴങ്ങട്ടേയെന്ന് ലിജോ ജോസ് പെല്ലിശേരിയും കുറിക്കുന്നു.
https://www.facebook.com/Malayalivartha






















