പാലക്കാട് നഗരസഭ തിരിച്ചുപിടിക്കും; തിരഞ്ഞെടുപ്പിൽ സജീവമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിച്ചു

തിരഞ്ഞെടുപ്പിൽ സജീവമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് എം.എൽ.എ ഓഫീസ് ഉൾപ്പെടുന്ന 27–ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി എം.മോഹൻ ബാബുവിനായാണ് രാഹുൽ ഇറങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് രാഹുൽ സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയത്. രാഹുൽ തന്നെ ഇതിൻറെ റീൽ തൻറെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു.
കോൺഗ്രസ് സ്ഥാനാർഥികൾക്കായി വീടുകയറി വോട്ടുചോദിക്കുന്നതിനും രാഹുൽ മാങ്കൂട്ടത്തിലുണ്ട്. പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രാഹുലും. ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു, പാലക്കാട് നഗരസഭ തിരിച്ച് പിടിക്കുമെന്നും കണ്ണാടി പഞ്ചായത്ത് പിടിച്ച് എടുക്കുമെന്നും രാഹുൽ പറഞ്ഞു.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ നടന്നാൽ എന്തിനാണ് അസ്വസ്ഥതയെന്നും രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പാലക്കാട് എംപി വികെ ശ്രീകണ്ഠൻ . യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് മാത്രമാണ് ചെയ്തത്. അതൊരു താത്കാലിക നടപി മാത്രമാണ്. സസ്പെൻഷൻ കാലാധി കഴിഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോഴും യുഡിഎഫ് എംഎൽഎ തന്നെയാണ്. സസ്പെൻഷനിലായതുകൊണ്ടുതന്നെ രാഹുൽ ഔദ്യോഗിക പാർട്ടി ചർച്ചകളിൽ പങ്കെടുക്കാറില്ല എന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























