പ്രേക്ഷകരുടെ പ്രിയതാരം ചന്ദ്ര ലക്ഷ്മണ്‍ മനസ് തുറക്കുന്നു...

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് ചന്ദ്ര ലക്ഷ്മണിന്റേത്. സ്വന്തം എന്ന സീരിയലിലെ സാന്ദ്രാ നെല്ലിക്കാടിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. അത്രയ്ക്കും മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. സ്വന്തത്തിനു ശേഷം നിരവധി സീരിയലുകളിലും പിന്നീട് സിനിമയിലും വേഷമിട്ടുവെങ്കിലും ഇടയ്ക്ക് വെച്ച് താരത്തെ കാണാതായി.
അഭിനയ രംഗത്തു നിന്നും അപ്രത്യക്ഷമായ താരം എവിടെയാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. വിവാഹിതയായി ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലാണ് താരം എന്നുള്ള തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം കൃത്യമായി മനസ്സിലാക്കി ചന്ദ്ര ഇവിടെ തന്നെയുണ്ടായിരുന്നു. 15 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് താരം ബ്രേക്കെടുക്കുന്നത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി നല്‍കണമെന്ന് തോന്നിയിരുന്നില്ലെന്നും താരം പറയുന്നു.

ആദ്യമേ അഭിനയിച്ചിരുന്നത് ചെന്നൈയില്‍ നിന്നു വന്നിട്ട് തന്നെയായിരുന്നു. ഇപ്പോഴും മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. ഇവിടെ സീരിയല്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്തായതിനാല്‍ ചില നല്ല അവസരങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതെ പോയി. മൂന്നും നാലും വര്‍ഷമെടുക്കും സാധാരണ തമിഴ് സീരിയലുകള്‍ തീരാന്‍. ചിലത് അതിലും നീളും. ഞാന്‍ തമിഴില്‍ ആദ്യം ചെയ്ത 'കോലങ്ങള്‍' തീരാന്‍ എട്ടു വര്‍ഷമെടുത്തു.
നാലുവര്‍ഷം ടെലികാസ്റ്റ് കഴിഞ്ഞ് ദേവയാനി ചേച്ചി പ്രസവാവധിക്ക് പോയ സമയത്താണ് എന്നെ വിളിച്ചത്. സീരിയലില്‍ മലയാളത്തെക്കാള്‍ താരങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നത് തമിഴിലാണെന്ന് തോന്നുന്നു. ഓരോരുത്തരും വീട്ടില്‍ നിന്നു ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന് ഒന്നിച്ച് കഴിക്കും. ഇക്കഴിഞ്ഞ മൂന്നു വര്‍ഷവും തുടര്‍ച്ചയായി യുടിവി പിക്‌ചേഴ്‌സിന്റെ രണ്ടു പ്രോജക്ടുകളുണ്ടായിരുന്നു. ചെന്നൈയിലും ഹൈദരാബാദിലുമായി മാറിമാറി ഷൂട്ടിങ്. യാത്ര ചെയ്യാനും ഉറങ്ങാനുമേ സമയമുണ്ടായിരുന്നുള്ളൂ. ഡാന്‍സ് പ്രാക്ടീസൊക്കെ മുടങ്ങിയിരുന്നു. ഇപ്പോള്‍ അതെല്ലാം വീണ്ടും തുടങ്ങി.

കരിയറില്‍ ബ്രേക്കെടുക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഒരേ താളത്തിലുള്ള യാത്രയില്‍ നിന്നുള്ള മാറ്റം കൂടിയാണ്. ഒരേ പോലെയുള്ള കഥാപാത്രങ്ങളില്‍ നിന്നും മാറി കുറച്ച് വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. മ്യൂറല്‍ ഓറ എന്ന പേരില്‍ അമ്മ നടത്തുന്ന ബിസിനസ്സ് വിപുലപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യം. ചിത്രരചനയോടുള്ള അമ്മയോടുള്ള താല്‍പര്യമാണ് ബിസിനസ്സിലേക്ക് നയിച്ചത്.
സിനിമയില്‍ ഓര്‍മിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ലക്ഷ്യം. സീരിയലും സിനിമയും ഒരുമിച്ച് കൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല. അതു കൊണ്ട് ബ്രേക് അനിവാര്യമാണ്. സിനിമയില്‍ നല്ല കഥാപാത്രങ്ങളെന്ന ഭാഗ്യം ഇനിയും വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചന്ദ്ര പറയുന്നു .
https://www.facebook.com/Malayalivartha






















