ദിലീപും നാദിര്‍ഷായും പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയെന്ന് പൊലീസ്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ബ്‌ളാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെയും നാദിര്‍ഷയുടേയും പരാതികളില്‍ ദുരൂഹത എന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിഗമനം. ജയിലില്‍ നിന്ന് സുനി തുടര്‍ച്ചയായി വിളിച്ചിട്ടും താരങ്ങള്‍ പരാതിപ്പെട്ടത് ആഴ്ചകള്‍ക്ക് ശേഷമാണെന്നതാണ് പൊലീസില്‍ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. കേസിന്റെ അന്വേഷണത്തോടൊപ്പം ഇതു സംബന്ധിച്ച ദുരൂഹതയില്‍ ഉടന്‍ വ്യക്തത വരുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 17-ന് രാത്രിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന നടിയുടെ വാഹനം തട്ടിയെടുത്ത് പള്‍സര്‍ സുനിയും സംഘവും ആക്രമിച്ചത്. പിന്നാലെ പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിയവെയാണ് സുനി 1.5 കോടി രൂപ ആവശ്യപ്പെട്ട് പള്‍സര്‍ സുനി, സംവിധായകന്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ചത്. എന്നാല്‍, ദിലീപും നാദിര്‍ഷയും ഇതേക്കുറിച്ച് പരാതി നല്‍കിയത് ഏപ്രില്‍ 20-ന് മാത്രമാണ്. ഇതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്.
പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി എന്നാണ് പൊലീസിപ്പോള്‍ അന്വേഷിക്കുന്നത്. പരാതി നല്‍കാന്‍ വൈകിയതിന് ദിലീപ് വ്യക്തമായ കാരണം വ്യക്തമാക്കാത്തതിനാല്‍ പൊലീസ് ഇതുവരെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. എന്നാല്‍, പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ സഹതടവുകാരനായിരുന്ന വിഷ്ണു എന്നയാള്‍ ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷായും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
പരാതി നല്‍കുമ്പോള്‍ ലോക്‌നാഥ് ബെഹ്‌റ ആയിരുന്നു ഡി.ജി.പി. വിഷ്ണുവിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് അതും പരാതിക്കൊപ്പം നല്‍കിയിരുന്നു.
അതേസമയം, പ്രതികളുടെ മൊഴികളില്‍ നിന്ന് ഗൂഢാലോചന വ്യക്തമെങ്കിലും അവ സാധൂകരിക്കുന്ന ശക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha






















