അന്ന് എന്റെ അച്ഛന് സംഭവിച്ചത് ഇനി ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ല; ഉറച്ച തീരുമാനവുമായി പൃഥ്വിരാജ്; 'അമ്മ പിടിച്ചെടുക്കാന്‍ തീരുമാനിച്ച് യുവതാരങ്ങളും

മലയാളസിനിമയിലെ ഒരു നടനായിരുന്നു സുകുമാരന്‍ എന്നറിയപ്പെട്ടിരുന്ന എടപ്പാള്‍ പൊന്നങ്കുഴിവീട്ടില്‍ സുകുമാരന്‍ നായര്‍. മലയാളസിനിമയിലെ മുന്‍കാല നായകന്മാരില്‍ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു നടന്‍ സുകുമാരന്‍. മോഹന്‍ലാലിനെ പോലുള്ളവര്‍ക്ക് തുടക്കകാലത്ത് താങ്ങും തണലുമായിരുന്നു. ഗണേശ് കുമാറിനെ നടനാക്കിയ ഗോഡ് ഫാദര്‍. പക്ഷേ താരങ്ങളുടെ സംഘടന എത്തിയപ്പോള്‍ ഈ അതുല്യ പ്രതിഭയ്ക്ക് കിട്ടിയത് വിലക്കായിരുന്നു. സിനിമാരംഗത്തെ ചില പരാമര്‍ശങ്ങളുടെ പേരില്‍ മൂന്നുവര്‍ഷത്തിലേറെക്കാലമാണ് സുകുമാരന്‍ സിനിമയില്ലാതെ വീട്ടിലിരുന്നത്.
സുകുമാരനെ ഏറെ വേദനിപ്പിച്ച നാളുകളായിരുന്നു അത്. സ്വന്തമെന്ന് കരുതിയവര്‍ പോലും തിരിഞ്ഞു നോക്കാത്ത വിലക്കിന്റെ കാലം. പക്ഷെ അന്ന് അദ്ദേഹം വിലക്കും ഏറ്റുവാങ്ങി വെറുതെ ഇരിക്കാന്‍ തയ്യാറായില്ല. വക്കിലായിരുന്ന അദ്ദേഹം സ്വന്തമായി തന്നെ കോടതിയില്‍ വാദിച്ച് വിലക്കിയ സഘടനയില്‍ നിന്ന് തന്നെ മെമ്പര്‍ഷിപ്പ് എടുത്തു. ശേഷം നടന്ന അമ്മ സംഘടനയുടെ ജനറല്‍ ബോഡി മീറ്റിങ് സമയത്ത് താരങ്ങളുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും മുഖത്തേക്ക് ഈ മെമ്പര്‍ഷിപ്പ് വലിച്ച് കീറി എറിഞ്ഞു.
ഈ സമയത്താണ് ബൈജു കൊട്ടാരക്കര 'ബോക്‌സര്‍' എന്ന സിനിമയിലേക്ക് സുകുമാരനെ ക്ഷണിക്കുന്നത്. ഈ സംഘടനയുടെ വിലക്കുള്ളതിനാല്‍ തന്നെ വെച്ച് സിനിമ ചെയ്യുന്നത് റിസ്‌ക്കാകുമെന്ന് സുകുമാരന്‍ ബൈജുവിനോട് പറഞ്ഞു. സുകുമാരനെ വെച്ച് സിനിമയെടുത്താല്‍ റിലീസിന് തിയേറ്റര്‍ കിട്ടില്ലെന്നൊക്കെ ചിലര്‍ ബൈജുവിനെ ഭീഷണിപ്പെടുത്തിയതുമാണ്. പക്ഷേ, അതൊന്നും കേള്‍ക്കാതെ ബൈജു ധൈര്യത്തോടെ മുന്നോട്ടുപോയി. തന്റെ ഈ സിനിമയില്‍ സുകുമാരന്‍ അഭിനയിക്കുന്നത് വളരെ രഹസ്യമായി തന്നെ വച്ചിരുന്നു.

എന്നാല്‍ ഇത് എല്ലാവരും അറിഞ്ഞതോടെ ബൈജു സംഘടനയുടെ 'ശക്തി'യെന്താണെന്നറിഞ്ഞു. താരങ്ങളെയെല്ലാം 'അമ്മ' പിന്‍വലിച്ചതോടെ ബാബു ആന്റണി ഒഴികെ മറ്റാരും ലൊക്കേഷനിലെത്തിയില്ല. മൂന്ന്‌നാലു ദിവസം കാത്തിരുന്നിട്ടും ഫലമില്ലാതായതോടെ നിര്‍മ്മാതാവ് ഉള്‍പ്പെടെ എല്ലാവരും അങ്കലാപ്പിലായി. ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമെന്ന് ഉറപ്പായതോടെ ബൈജു സംഘടനയുടെ അന്നത്തെ പ്രസിഡന്റായിരുന്ന മധുവിനെ സമീപിച്ച് ഒരുവിധം പ്രശ്‌നം പരിഹരിച്ചു. അന്ന് മധുവിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് സുകുമാരന്റെ വിലക്ക് മാറ്റാന്‍ സാധിച്ചത്.
അവിടെ വച്ച് സുകുമാരന്‍ ഒരു മെഗാ സ്റ്റാറിനോട് പറയുകയുണ്ടായി 'എടോ! എനിക്കും വളര്‍ന്നു വരുന്നുണ്ട് രണ്ട് പിള്ളേര്, അവര്‍ സിനിമയില്‍ വരയാണെങ്കില്‍ തന്റെയൊക്കെ മുഖത്ത് നോക്കി ചോദിയ്ക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കും. കാരണം അവര്‍ ഈ സുകുമാരന്റെ മക്കളാണ്'...

അച്ഛന്റെ വേദന കണ്ടായിരുന്നു പൃഥ്വിരാജെന്ന മകന്‍ അന്ന് ദിനങ്ങള്‍ തള്ളി നീക്കിയത്. അതുകൊണ്ട് കൂടിയാണ് ഇപ്പോള്‍ പൃഥ്വി ഉറച്ച നിലപാട് എടുക്കുന്നത്. തന്റെ അച്ഛനെ പുറത്താക്കിയ സംഘടന താന്‍ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് താരം. ഈ വാശിയും വൈരാഗ്യവും മോഹന്‍ലാലിനും മമ്മൂട്ടിക്കും അറിയാം. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് പൃഥ്വിയുടെ ഉറച്ച നിലപാടിനെ ഇരുവരും മറ്റ് നിവര്‍ത്തിയില്ലാതെ അംഗീകരിച്ചത്. അമ്മയിലെ ദുഷിപ്പിനെ മാറ്റുമെന്ന് ഈ യോഗത്തിന് ശേഷം പൃഥ്വി തന്നെ പലരോടും പറഞ്ഞു കഴിഞ്ഞു.
അമ്മയിലെ നടീ നടന്മാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരും. അത് ലംഘിച്ചാല്‍ സംഘടനയില്‍ നിന്ന് പുറത്തുമാക്കും. ഇതിനര്‍ത്ഥം അവരെ സിനിമയില്‍ നിന്ന് വിലക്കുമെന്നല്ല. മറിച്ച് താരസംഘടനയുടെ പേരിലെ വിലപേശലുകള്‍ക്ക് അച്ചടക്കം ലംഘിക്കുന്നവരെ അനുവദിക്കില്ല. യുവതാരങ്ങളുടെ സിനിമകളെ കൂവി തോല്‍പ്പിക്കുന്ന ജനപ്രിയ താരങ്ങളെ ഇനി അമ്മ ഉള്‍ക്കൊള്ളേണ്ടതില്ലെന്നാണ് പൃഥ്വിയും നിലപാട്. തന്റെ അച്ഛന്റെ ഗതി തിലകനുണ്ടായി. ഇനിയത് ആര്‍ക്കും പാടില്ലെന്നും പൃഥ്വി വിശദീകരിക്കുന്നു.
അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകള്‍ താനെടുക്കുമെന്ന് പൃഥ്വി മുതിര്‍ന്ന താരങ്ങളേയും സംവിധായകരേയും നിര്‍മ്മാതാക്കളേയും അറിയിച്ചിട്ടുണ്ട്. അമ്മയുടെ തലപ്പത്ത് സമ്പൂര്‍ണ്ണ അഴിച്ചു പണി വേണമെന്നാണ് പൃഥ്വിയുടെ ആവശ്യം. അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്ന മാതൃകയെ അവസാനിപ്പിക്കണം. യുവതാരങ്ങളുടെ സിനിമകളെ തിയേറ്റര്‍ ഹോള്‍ ഓവര്‍ ആക്കുന്നതും ചില നടന്മാരുടെ രീതിയാണ്. എത്ര പരാതി ആരൊക്കെ അമ്മയ്ക്ക് നല്‍കി. അതിലൊന്നും തീരുമാനമുണ്ടായില്ല. ഇനിയത് അംഗീകരിക്കില്ല. പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കണം.

കുറ്റക്കാരെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടണം. ഇതിലൂടെ കള്ളക്കളികള്‍ കുറയ്ക്കാനാകും. എല്ലാ നല്ല സിനിമയും വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും പൃഥ്വി പറയുന്നു. ഇതിനെ യുവതാരങ്ങളും സ്ത്രീകളുടെ കൂട്ടായ്മയും കൈയടിച്ചു പിന്തുണയ്ക്കുന്നു.താര സംഘടന പിടിച്ചെടുക്കാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ സുകുമാരന്റെ മകനാണ്. വാക്ക് പാലിക്കും ആരേയും ഭയക്കുന്നില്ല' എന്നാണ് പൃഥ്വിരാജ് അന്ന് പറഞ്ഞത്. എന്നാല്‍ ദിലീപിനെ പരസ്യമായി എതിര്‍ക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞില്ല. തന്റെ സിനിമകളെ ചില ഫാന്‍സുകാര്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഈ വൈരാഗ്യത്തിന്റെ തുടര്‍ച്ചയായിരുന്നുവെന്ന് പൃഥ്വിക്കും അറിയാമായിരുന്നു. ഈ തെറ്റ് ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ഉറച്ച നിലപാടുമായി പൃഥ്വി കളം നിറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ താരമായത് പൃഥ്വിരാജായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ താര സംഘടന പിളരുമെന്ന സൂചനയാണ് നടന്‍ നല്‍കിയത്. ചര്‍ച്ച തുടങ്ങിയപ്പോള്‍ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു.

അങ്ങനെയാണെങ്കില്‍ ഭരണഘടനയനുസിരിച്ച് പല പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകള്‍ കൂവി തോല്‍പ്പിച്ചതും ഡിസ്ട്രിബ്യൂട്ടര്‍മാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയര്‍ത്തി. നിങ്ങള്‍ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാന്‍ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാമെന്നും പൃഥ്വി തുറന്നടിച്ചു. ഇതോടെ തര്‍ക്കത്തില്‍ ഇടപ്പെട്ട മോഹന്‍ലാല്‍, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വേഗത്തില്‍ പ്രസ്താവന ഇറക്കാനും തീരുമാനിച്ചു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു.
അമ്മയിലെ പിളര്‍പ്പ് ഒഴിവാക്കാനായിരുന്നു ഈ ഒത്തുതീര്‍പ്പുകളുണ്ടാക്കിയത്. ഉടന്‍ തന്നെ അമ്മയുടെ ജനറല്‍ ബോഡി വിളിക്കേണ്ട സാഹചര്യമുണ്ട്. ഈ യോഗത്തില്‍ അമ്മയുടെ നിലവിലെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിയുമെന്നാണ് സൂചന. ഇതിന് ശേഷം കരുത്ത് കാട്ടി സംഘടന പടിച്ചെടുക്കാനാണ് പൃഥ്വിയുടെ നീക്കം. എന്നാല്‍ സംഘടനയുടെ ഭാരവാഹിത്തം പൃഥ്വി ഏറ്റെടുക്കുകയുമില്ല. സുതാര്യമായ നേതൃത്വമാണ് താരം ലക്ഷ്യമിടുന്നത്. എന്ത് പരാതി കിട്ടിയാലും അത് വസ്തുതാപരമായി പരിശോധിച്ച് തീരുമാനമെടുക്കുന്ന സംവിധാനം. ഇത് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളും മനസ്സിലാക്കുന്നു.
https://www.facebook.com/Malayalivartha






















