എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ല; ഒരിക്കലും ഒരാളോടും പറയാന്‍ പാടില്ലാത്ത ഒരു കാര്യമാണ് അവര്‍ പറഞ്ഞത്- കുട്ടിക്കാലം മുതല്‍ നിറത്തിന്‍റെ പേരില്‍ ഒരുപാട് വേദനകള്‍ ഞാന്‍ സഹിച്ചിട്ടുണ്ട്- വേദനയോടെ സയനോര

നിരവധി ആരാധകരുളള മലയാളത്തിന്‍റെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. ധാരാളം ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സയനോര സ്റ്റേജ് പരിപാടികളില്‍ കാണികളെ പെട്ടെന്ന് കൈയിലെടുക്കുന്നയാളാണ്. എപ്പോഴും പോസീറ്റിവായിരിക്കാന്‍ ഇഷ്ടപ്പെടുന്ന സയനോര ഇപ്പോഴിതാ ആദ്യമായി തനിക്ക് അനുഭവിക്കേണ്ടി വന്നയൊരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയുണ്ടായി. മലയാളികള്‍ തീര്‍ച്ചയായും ഈ സംഭവം അറിഞ്ഞിരിക്കണം എന്നതിനാലാണ് ഇക്കാര്യം പറയുന്നതെന്നും ഒരു സ്വകാര്യ ചാനലിന്‍റെ അഭിമുഖത്തിനിടെ സയനോര പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സയനോര അവിടെ അമ്മയോടൊപ്പം ഒരു കുഞ്ഞുവാവയെ കണ്ടു. കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയതും കുഞ്ഞ് കരയാന്‍ തുടങ്ങി. കുഞ്ഞ് കരയുന്നതിന്‍റെ കാരണം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞത് സയനോരയെ വല്ലാതെ തളര്‍ത്തി.
'എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ല' - ഇതായിരുന്നു ആ അമ്മയുടെ മറുപടി. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്ന് അറിയാതെ താന്‍ നിന്നുപോയെന്നും സയനോര പറയുന്നു. ഒരിക്കലും ഒരാളോടും പറയാന്‍ പാടില്ലാത്ത ഒരു കാര്യമാണ് അവര്‍ പറഞ്ഞത്. ജീവിതത്തില്‍ ഒരിക്കലും ഈ അനുഭവം മറക്കാനാകില്ലെന്നും താരം പറയുന്നു.
കുട്ടിക്കാലം മുതല്‍ നിറത്തിന്‍റെ പേരില്‍ ഒരുപാട് വേദനകള്‍ ഞാന്‍ സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ നിലയില്‍ ആയിട്ടുപോലും ഒരുപാട് കാര്യങ്ങള്‍ ഇങ്ങനെ എനിക്ക് കേള്‍ക്കെണ്ടിവരുന്നു. എനിക്കൊരു കുഞ്ഞു പിറന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞ് ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞ് ആരെപോലെയാണ് കാണാന്‍ എന്നാണ്. തന്‍റെ ജീവിതത്തിലുണ്ടായ ഈ അനുഭവങ്ങള്‍ ഒരിക്കലും തന്‍റെ കുട്ടികള്‍ക്ക് ഉണ്ടാവരുത് എന്നാണ് ആഗ്രഹമെന്നും സയനോര പറയുന്നു.
എ.ആര്‍ റഹ്മാന്‍, ഹാരിസ് ജയരാജ് ഉള്‍പ്പടെയുള്ള വലിയ വലിയ സംഗീത സംവിധായകരുടെ സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ച സയനോര സുരാജ് വെഞ്ഞാറമൂട് സംവിധായകന്‍ ആയ 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും ചുവടുവച്ചുകഴിഞ്ഞു. മ്യൂസിക് മോജോ സീസണ്‍ - 6ല്‍ സയനോര പാടിയ ബെന്‍കി ബൂം എന്ന പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
https://www.facebook.com/Malayalivartha