ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത

മലയാള സിനിമയിലേക്ക് സ്വരസുന്ദരമായ ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച് അകാലത്തിൽ വിടപറഞ്ഞുപോയ ഗായികയാണ് രാധിക തിലക്. നാലുവർഷം മുൻപ് അർബുദത്തെ തുടർന്നായിരുന്നു രാധിക തിലകിന്റെ വേർപാട്. പാട്ടിനെ ഏറെ പ്രണയിച്ച രാധികയുടെ വേർപാടിന്റെ വേദനയിൽ നിന്നും ഇതുവരെയും കുടുംബത്തിന് കരകയറാൻ ആയിട്ടില്ലെന്നു പറയുകയാണ് ഗായിക സുജാത. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടയിലായിരുന്നു രാധിക തിലകിന്റെ ഓർമകൾ സുജാത പങ്കുവച്ചത്. വേണുഗോപാലിനൊപ്പം രാധിക തിലക് ആലപിച്ച ഒറ്റയാൾപ്പട്ടാളത്തിലെ മായാമഞ്ചലിൽ എന്ന ഗാനം ഷോയുടെ ഭാഗമായി മത്സരാർത്ഥികളിലൊരാൾ അവതരിപ്പിച്ചു. എന്റെ അനിയത്തി പാടിയ പാട്ടാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു സുജാത രാധിക തിലകിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്.
"അവൾ ആഗ്രഹിച്ച രീതിയിൽ സിനിമാമേഖലയിൽ വളരാൻ കഴിഞ്ഞില്ല. പക്ഷെ, പാടിയ പാട്ടുകളിലെല്ലാം അവൾ അവളുടെ കയ്യൊപ്പ് ഇട്ടിട്ടാണ് പോയത്. ഒരു ചേച്ചിയെ ഒരുപാട് ആരാധിക്കുന്ന അനിയത്തി ആയിരുന്നു. വൈകുന്നേരങ്ങളിലാണ് ഞാൻ അവളെ ഒരുപാട് മിസ് ചെയ്യാറുള്ളത്. വൈകുന്നേരം ഞാൻ ടെറസിൽ നടക്കാൻ പോകാറുണ്ട്. ആറുമണി മുതിൽ ആറര വരെ ഫോൺ വിളിയാണ്. ഞങ്ങൾ എല്ലാം പറയും. ഇവിടെ നടക്കുന്ന കാര്യങ്ങൾ അവൾ പറയും. ചെന്നൈയിലെ കാര്യങ്ങൾ ഞാൻ പറഞ്ഞു കൊടുക്കും. വയ്യാതെ വീട്ടിൽ ഇരിക്കേണ്ടി വന്ന സമയത്തും ഈ വർത്തമാനങ്ങൾ ഞങ്ങൾ പറയാറുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബം അതിൽ നിന്നും ഇതുവരെ കരകയറിയിട്ടില്ല," സുജാത നിറകണ്ണുകളോടെ പറഞ്ഞു. 1989ല്‍ 'പച്ചിലത്തോണി' എന്ന ചിത്രത്തിലൂടെ ഷിബു ചക്രവര്‍ത്തിയും ബേണി -ഇഗ്‌നേഷ്യസുമാണ് രാധികയെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. 'പച്ചിലത്തോണിതുഴഞ്ഞ്....' എന്ന് തുടങ്ങുന്ന ഗാനം മനോഹരമായി രാധിക ആലപിച്ചെങ്കിലും ആ ചിത്രത്തിന് വലിയ വിജയം നേടാനായില്ല.
ശരറാന്തല്‍, സംഘഗാനം തുടങ്ങിയ ചിത്രങ്ങളിലും പാടി രാധിക മലയാള ചലച്ചിത്രഗാനരംഗത്തെ ഒരു തീരത്തിലൂടെ പതുക്കെ ഒഴുകുമ്പോഴാണ് 'മായാമഞ്ചലുമായി' സംഗീതസംവിധായകന്‍ ശരതും ഗായകന്‍ വേണുഗോപാലുമെത്തുന്നത്. രാധികയുടെ ജാതകം മാറ്റിക്കുറിക്കപ്പെട്ട നിമിഷമായിരുന്നു അത്. ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിലെ 'മായാമഞ്ചലില്‍...'' എന്നു തുടങ്ങുന്ന ഗാനം കേരളം ഒരുപാടുകാലം ഏറ്റുപാടിയ ഗാനമായിരുന്നു. ട്രാക്ക് പാടിക്കാനായിട്ടാണ് രാധികയെ ആ ചിത്രത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ താന്‍ കരുതിയതിനേക്കാള്‍ മനോഹരമായി രാധിക ആ ഗാനം പാടിയതോടെ വേണുഗോപാലിനൊപ്പം ആ പാട്ട് രാധികയ്ക്ക് തന്നെ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ശരത് പിന്നീട് പറഞ്ഞിട്ടുണ്ട്.
1991ല്‍ ഇറങ്ങിയ ഒറ്റയാള്‍ പട്ടാളത്തിലെ 'മായാമഞ്ചല്‍' ഹിറ്റായെങ്കിലും രാധിക എന്ന ഗായികയ്ക്ക് അതിനു പിന്നാലെ കാര്യമായ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. ആറ് വര്‍ഷത്തിനുശേഷം ഇറങ്ങിയ 'ഗുരു' എന്ന ചിത്രമായിരുന്നു രാധികയുടെ അടുത്ത ശ്രദ്ധേയ ചിത്രം. പിന്നീട് 'കന്മദം' എന്ന ചിത്രത്തിലെ 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ...', ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ 'എന്റെ ഉള്ളുടുക്കും കൊട്ടി...', നന്ദനം എന്ന ചിത്രത്തിലെ 'മനസ്സില്‍ മിഥുന മഴ....'. അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ 'എന്തിനീപാട്ടിനു...' തുടങ്ങി ഒരുപിടി മനോഹരമായ ഗാനങ്ങളും രാധികയുടെ സ്വരമാധുരിയില്‍ മലയാളത്തിന് പ്രിയപ്പെട്ടതായി.
https://www.facebook.com/Malayalivartha