അറുപത് വയസ്സ് പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ആശംസകളുമായി സിനിമാലോകം

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് അവിശ്വസനീയമായ അറുപത്. വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ എണ്ണമറ്റ കഥാപാത്രങ്ങള്‍ക്കുമപ്പുറം പലര്‍ക്കും പലതുമായി മാറിയ നടനവൈഭവം. അറുപത് വയസ്സ് പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ആശംസകളുമായി സിനിമാലോകം.ആരാധകരുടെ ആഘോഷങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന അപരാഭിധാനത്താല്‍ അറിയപ്പെടുന്ന സൂപ്പര്‍സ്റ്റാറിന് ആശംസകളര്‍പ്പിക്കുകയാണ് ഓണ്‍ലൈന്‍ ലോകം.പത്രങ്ങളില്‍ ഇതിനകം പ്രത്യേക പതിപ്പുകളും അഭിമുഖങ്ങളും ആശംസകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പ്രിയതാരത്തിന്റെ ജന്മദിനം ലോക്ഡൗണ്‍ വേളയിലും ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍.
1961 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ജനിച്ച് തിരുവനന്തപുരത്തെ മുടവന്‍മുകളില്‍ വളര്‍ന്ന ലാല്‍ 1978ല്‍ പതിനാറാമത്തെ വയസ്സില്‍, സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മിച്ച് റിലീസാവാതെപോയ 'തിരനോട്ടം' എന്ന സിനിമയിലൂടെയാണ് ആദ്യമായി കാമറക്കു മുന്നില്‍ എത്തിയത്.
രണ്ടു വര്‍ഷം കഴിഞ്ഞ് 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ലെ വില്ലന്‍ ഭാവത്തില്‍ തിരശ്ശീലയില്‍ തെളിഞ്ഞ ആ രൂപം നായകവേഷങ്ങളിലൂടെ സൂപ്പര്‍ താരമായി മാറി. വില്ലനായും കാമുകനായും കള്ളനായും തമ്ബുരാനായും അധോലോക നായകനുമൊക്കെയായി വേഷമിട്ട 341 സിനിമകള്‍. മകനായും സഹോദരനായും സുഹൃത്തായും കാമുകനായും പിതാവായുമെല്ലാം വേഷമിട്ട് ലാലെന്ന അഭിനേതാവ് കീഴ്‌പ്പെടുത്തിയത് മനുഷ്യഹൃദയങ്ങളെയാണ്. അഭിനയത്തിലെ അയത്‌ന ലാളിത്യവും താളബോധവും വഴക്കവും ഇന്ത്യയിലെ മുന്‍നിര താരങ്ങളുടെ തലത്തിലേക്ക് ലാലിനെ ഉയര്‍ത്തി. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടത്തിലും നടനമുദ്ര പതിപ്പിച്ച മലയാളിയായും ലാല്‍ മാറി. രാജ്യത്തെ ഏറ്റവും മികച്ച നടനെന്ന പുരസ്‌കാരം രണ്ടുവട്ടം അണിഞ്ഞു. ആറു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും. പത്മമശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ച കലാകാരനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയും രാജ്യം ആദരിച്ചു.
പിറന്നാള്‍ ദിനത്തില്‍ ചെന്നൈ എല്ലിസ് റോഡിലെ വസതിയില്‍ ചടങ്ങുകള്‍ ലളിതമായിരുന്നു. ലോക്ഡൗണിനിടെ, അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു. അമ്മ ശാന്തകുമാരി കൊച്ചിയിലും മകള്‍ വിസ്മയ വിദേശത്തുമാണ്.
ബിഗ്‌ബോസിന്റെ ഷൂട്ടിങ്ങിനായാണ് താരം ചെന്നൈയിലെത്തിയത്. അതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഷൂട്ടിങ് തിരക്കുകളില്ലാതെ ചെന്നൈയില്‍ കഴിയുന്ന ലാലിന്റെ കൂടെ ഭാര്യ സുചിത്രയും മകന്‍ പ്രണവുമുണ്ട്.
"
https://www.facebook.com/Malayalivartha




















