ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന

താരസംഘടനയായ 'അമ്മ'യിലെ പ്രശ്‌നങ്ങളെ കുറിച്ച് അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനറായിരുന്ന എംഎല്‍എ രമേഷ് പിഷാരടിയും സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന. യാഥാര്‍ഥ്യം മനസ്സിലാക്കാതെ രമേഷ് പിഷാരടിയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണം തികച്ചും ഖേദകരമാണെന്നും പിഷാരടിയ്ക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി. സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ചതിക്കുന്നവര്‍ കേരളീയ സമൂഹം ഒരിക്കലും വിശ്വസിക്കില്ലെന്നും രമേഷ് പിഷാരടിക്ക് അമ്മയിലെ അംഗങ്ങളുടെയും ജനങ്ങളുടെയും പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും ഉഷ ഹസീന പറയുന്നു.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതാ മേനോന്റെ വാദങ്ങള്‍ വെറും കള്ളമാണെന്ന് ഉഷ ഹസീന പറഞ്ഞു. പാവപ്പെട്ട 'അമ്മ'യിലെ അംഗങ്ങള്‍ക്ക് വെല്‍ഫെയറും ഇന്‍ഷുറന്‍സും കൈനീട്ടവും നല്‍കാനാണ് അവര്‍ എപ്പോഴും സംഘടനയ്‌ക്കൊപ്പം നിന്നിട്ടുള്ളത്. സഹപ്രവര്‍ത്തകനെ ചതിച്ച ശ്വേതയെ അവര്‍ പിന്തുണയ്ക്കുമെന്ന് 'അമ്മ'യിലെ ഒരംഗം പോലും വിശ്വസിക്കില്ല എന്നും ഇനി അത് വിശ്വസിക്കണമെന്നുണ്ടെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ഉഷ ഹസീന പറഞ്ഞു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. ജനറല്‍ ബോഡിയില്‍ കണക്ക് ചോദിച്ച സാധാരണ അംഗങ്ങളെയാണ് ഇവര്‍ 'പവര്‍ ഗ്രൂപ്പ്' എന്ന് വിളിക്കുന്നത്. യഥാര്‍ഥ പവര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റുകളില്‍ നിന്ന് കോടികള്‍ വാഗ്ദാനം ചെയ്ത് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഉഷ ഹസീന ആരോപിച്ചു. മുമ്പ് മഴവില്‍ മനോരമ ഷോ നടത്തി പണം സമാഹരിച്ചതല്ലാതെ മറ്റൊരു കോര്‍പ്പറേറ്റില്‍ നിന്നും 'അമ്മ' പണം വാങ്ങിയിട്ടില്ലെന്നും, തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഉഷ ഹസീന പറഞ്ഞു.
''ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നത് വളരെ ഖേദകരമാണ്. അതിന്റെ ചുവടുപിടിച്ച് പിഷാരടിയ്‌ക്കെതിരെ ഇപ്പോള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. 'അമ്മ'യിലെ അംഗങ്ങള്‍ക്കെല്ലാം തന്നെ ഇതില്‍ ഭയങ്കരമായ പ്രതിഷേധവും സങ്കടവുമുണ്ട്. ആ സംഘടനയിലെ പ്രസിഡന്റ് ആയിരിക്കുന്ന ഒരാളാണ് സ്വന്തം അംഗത്തെ ഇങ്ങനെ ജനങ്ങള്‍ക്ക് മുന്നില്‍ മോശക്കാരനാക്കി അപമാനിക്കുന്നത്. അവര്‍ പ്ലാന്‍ ചെയ്ത് ചെയ്ത ഓഡിയോ ആണെന്നുള്ളത് അതിനകത്ത് വ്യക്തമാണ്. അവര്‍ പറഞ്ഞ പല കാര്യങ്ങളും അതിനകത്ത് മ്യൂട്ട് ചെയ്തിട്ടുമുണ്ട്. അത് വാട്‌സ്ആപ്പ് കോള്‍ ആയിരുന്നു, സാധാരണ വാട്‌സ്ആപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റില്ലല്ലോ. അപ്പോള്‍ മറ്റൊരു ഫോണ്‍ വച്ച് റെക്കോര്‍ഡ് ചെയ്തതാണ്. അവര്‍ നമ്മളെയൊക്കെ വിളിക്കുമ്പോഴും സാധാരണ വാട്‌സ്ആപ്പ് കോളാണ് വിളിക്കാറുള്ളത്.
ശ്വേതയും പിഷാരടിയും തമ്മിലുള്ള ആ സംഭാഷണത്തിന്റെ അവസാനം വന്ന ഓഡിയോ കട്ട് ചെയ്ത് ഒരു പി.ആര്‍ ടീമാണ് ഇപ്പോള്‍ പബ്ലിഷ് ചെയ്തുകൊണ്ടിരിക്കുന്നത്. എവിടെയൊക്കെ എത്തിക്കാന്‍ പറ്റുമോ അവിടെയൊക്കെ അവര്‍ ഇത് എത്തിക്കുകയാണ്. അവരുടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് അവരുടെ കയ്യില്‍ നിന്ന് തന്നെയല്ലേ പുറത്തുപോകൂ? ഹാക്ക് ചെയ്തതാണെന്ന് അവര്‍ പറയുന്നത് ചുമ്മാ പച്ചക്കള്ളമാണ്. ഒരു പി.ആര്‍ വര്‍ക്ക് നടത്തി ആ ഗ്രൂപ്പാണ് ഇത് പബ്ലിഷ് ചെയ്യുന്നത്. ഇത് വളരെ മോശവും തെറ്റുമാണ്, ശരിക്കും ഐ.ടി ആക്ട് പ്രകാരം വലിയൊരു െ്രെകം ആണ്.
അവരുടെ സംഭാഷണം കേട്ടാല്‍ ഇതുവരെ ഒന്നുമറിയാത്ത ഭൂമിയിലോട്ട് ഇപ്പോള്‍ പിറന്നുവീണ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോട് കൂടിയാണ് അവര്‍ സംസാരിക്കുന്നത്. പക്ഷേ, അവര്‍ ഒരുപാട് തമാശകള്‍ പലപ്പോഴും അവിടെയിരുന്ന് പറഞ്ഞ് ചിരിച്ചിട്ടുള്ള ഒരാളാണ്. അവരുമായിട്ട് സൗഹൃദമുള്ള പലരും പറയുന്നുണ്ട്, ഇതിനേക്കാളും വലിയ കൗണ്ടറടിച്ച്, വലിയ ഡബിള്‍ മീനിങ് ഉള്ള കാര്യങ്ങള്‍ പറഞ്ഞ് അവര്‍ മുന്‍പ് പൊട്ടിപ്പൊട്ടി ചിരിച്ചിട്ടുണ്ടെന്ന്. സഹപ്രവര്‍ത്തകര്‍ തമ്മില്‍ തമ്മില്‍ അങ്ങനെയുള്ള ഫ്രീഡം ഉള്ളതുകൊണ്ടല്ലേ പിഷാരടിയും തമാശയ്ക്ക് അങ്ങനെ സംസാരിച്ചത്? പിഷാരടിയെക്കുറിച്ച് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ നല്ല അഭിപ്രായമാണ്. അദ്ദേഹം അങ്ങനെയുള്ള ഒരു വ്യക്തിയൊന്നുമല്ല. എത്രയോ വര്‍ഷങ്ങളായിട്ട് പിഷാരടിയെ എനിക്കറിയാം. ഉഷസ് ഓര്‍ക്കസ്ട്ര എന്ന് പറഞ്ഞ് എനിക്കൊരു ട്രൂപ്പ് ഉണ്ടായിരുന്നു, അതില്‍ ആങ്കറായിട്ട് വന്നിട്ടുള്ള ആളാണ് പിഷാരടി. അദ്ദേഹം ഒരു നിലവിട്ട് നമ്മളോടൊന്നും സംസാരിക്കുക പോലുമില്ല, തമാശയ്ക്ക് പോലും ഒന്നും പറയാറില്ല.
ഇത് വ്യക്തമായ മാനിപുലേഷന്‍ ആണ്. കോടതിയില്‍ സമര്‍പ്പിക്കാന്‍ വേണ്ടിയിട്ട്, അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനറുമായിട്ട് പോലും ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി പ്ലാന്‍ ചെയ്ത് ചെയ്ത ഒരു കോളായിട്ടാണ് എനിക്ക് തോന്നുന്നത്. തീര്‍ച്ചയായിട്ടും ഇത് വളരെ മോശമായിപ്പോയി. 'അമ്മ'യിലെ ഒരു അംഗത്തെ ആ സംഘടനയിലെ പ്രസിഡന്റ് ആയിരിക്കുന്ന ആളാണ് ചതിച്ചത്. താന്‍ ആ സ്ഥാനത്തേക്ക് യോഗ്യയല്ല എന്ന് അവര്‍ ഓരോ നിമിഷവും അവരുടെ പ്രവര്‍ത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള, ഇത്രയും ക്രൂക്ക്ഡ് മൈന്‍ഡ് ഉള്ള ഒരാളെയാണോ നമ്മുടെ സംഘടനയെ നയിക്കാന്‍ ഇരുത്തേണ്ടത്?
ലാലേട്ടനും മമ്മൂക്കയും ഒക്കെ കൂട്ടുപിടിച്ച് അവരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ പറയുന്നത് വെറുതെയാണ്, 'അമ്മ'യിലെ അംഗങ്ങള്‍ ആരും അത് വിശ്വസിക്കത്തില്ല. മമ്മൂക്കയോ ലാലേട്ടനോ ഒന്നും ഇങ്ങനെയൊരാളേ പിന്തുണയ്ക്കില്ല. ഇനി നമ്മള്‍ അത് വിശ്വസിക്കണമെന്നുണ്ടെങ്കില്‍ മമ്മൂക്കയോ ലാലേട്ടനോ നേരിട്ട് പറയണം, അവര്‍ അവരുടെ മൗനം വെടിഞ്ഞ് സംസാരിക്കണം. 'അമ്മ'യ്ക്ക് അഭിമാനമായി നില്‍ക്കുന്ന, എം.എല്‍.എ ആയിട്ട് നില്‍ക്കുന്ന പിഷാരടിയെക്കൂടി ചതിക്കുന്ന ഇവരെ ലാലേട്ടനോ മമ്മൂക്കയോ പിന്തുണയ്ക്കുമോ എന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെ.
അവര്‍ പറയുന്നത് പവര്‍ ഗ്രൂപ്പിനെതിരെയാണെന്നാണ് അവര്‍ എന്ന്. എന്ത് പവര്‍ ഗ്രൂപ്പ്? ആരാണ് പവര്‍ ഗ്രൂപ്പ്? ഭരണസമിതിയില്‍ നിന്ന് നീതി ലഭിക്കാത്ത ഒരു പെണ്‍കുട്ടി, നീതി തേടി പൊലീസ് സ്‌റ്റേഷനിലും കോടതിയിലും ഒക്കെ കയറിയിറങ്ങിയ ആ കുട്ടിയുടെ കൂടെ നില്‍ക്കുന്ന ഞങ്ങളാണോ പവര്‍ ഗ്രൂപ്പ്? ജനറല്‍ ബോഡിയില്‍ ചോദ്യങ്ങള്‍ ചോദിച്ച, അവരോട് കണക്ക് ചോദിച്ച ആള്‍ക്കാരാണോ പവര്‍ ഗ്രൂപ്പ്? പവര്‍ അവര്‍ക്കല്ലേ ഉള്ളത്? വേറെ ഏതോ കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്ന് കോടികള്‍ കൊണ്ടുവന്ന് 'അമ്മ'യിലും തരാമെന്ന് പറഞ്ഞ അവര്‍ക്കല്ലേ പണവും പദവിയും പവറും ഒക്കെ ഉള്ളത്? ഞങ്ങള്‍ പാവങ്ങള്‍, ഞങ്ങളുടെ ഭാഗത്ത് സത്യം മാത്രമേ ഉള്ളൂ. ഞങ്ങളെപ്പോലെ ചോദ്യങ്ങള്‍ ചോദിച്ച വ്യക്തികളെയാണ് ഇവര്‍ പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നതെങ്കില്‍, ഞങ്ങളുടെ കൂടെ ജനങ്ങളും പൊതുജനങ്ങളും കലയെ സ്‌നേഹിക്കുന്ന ആള്‍ക്കാരും മാത്രമേ ഉള്ളൂ. അവരുടെ പിന്നില്‍ വേറെ ആരൊക്കെ ഉണ്ട്, അതാണ് യഥാര്‍ഥ പവര്‍ ഗ്രൂപ്പ്.
'അമ്മ'യിലെ അംഗങ്ങള്‍ ആരും ഭരണത്തില്‍ ഇടപെടുകയോ പ്രശ്‌നത്തിന് ചെല്ലുകയോ ചെയ്തിട്ടില്ല. ഇവര്‍ തമ്മിലുള്ള അടിയും പിടിയും ഗൂഢാലോചനയും, സെക്യൂരിറ്റിയെയും മാനേജരെയും കുറിച്ചുള്ള ഗൂഢാലോചനയും, തമ്മില്‍ തമ്മില്‍ വര്‍ഗ്ഗീയത പറയുന്നതുമൊക്കെയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇപ്പോള്‍ അതിനെക്കുറിച്ചൊന്നും സംസാരിക്കാതെ, ഇതുവരെ ഉണ്ടായതൊന്നും മിണ്ടരുത് എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയൊക്കെ ഭീഷണിപ്പെടുത്തിയാണ് അവര്‍ ജനറല്‍ ബോഡിയിലേക്ക് വന്നത്.
ഇപ്പോള്‍ അതൊക്കെ എല്ലാവരും മറന്നുപോയോ? എക്‌സിക്യൂട്ടീവ് കമ്മറ്റി അല്ലെ ഈ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാക്കിയത് അല്ലാതെ 'അമ്മ'യിലെ അംഗങ്ങള്‍ അല്ലല്ലോ. കണക്ക് ചോദിച്ചതിനല്ലേ അവര്‍ രാജിവച്ചു പോയത്. എന്നിട്ടിപ്പോള്‍ അന്‍സിബയോടുള്ള വര്‍ഗ്ഗീയ നിലപാടുകളും, അഴിമതിയും, കണക്കുകളും റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാത്തതുമെല്ലാം മറയ്ക്കാന്‍ വേണ്ടിയിട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ ഈയൊരു കളി കളിച്ച് വിഷയം വഴിതിരിച്ചുവിട്ടു.
പാവപ്പെട്ട അമ്മയിലെ അംഗങ്ങളെ സഹായിക്കാനും അവര്‍ക്ക് വെല്‍ഫെയറും ഇന്‍ഷുറന്‍സും കൈനീട്ടവും നല്‍കാനുമൊക്കെയാണ് ലാലേട്ടനും മമ്മൂക്കയും അമ്മയുടെ ഒപ്പം നില്‍ക്കുന്നത്. കൈനീട്ടം 1500 രൂപയില്‍ നിന്ന് 5000 രൂപയാക്കി കൂട്ടാന്‍ മുന്‍പും പ്ലാന്‍ ഉണ്ടായിരുന്നു. കോര്‍പ്പറേറ്റുകളുടെ പണം 'അമ്മ' മുമ്പും സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അത് ഏത് കോര്‍പ്പറേറ്റുകളാ? 'അമ്മ' ആകെ മഴവില്‍ മനോരമയുടെ ഷോ നടത്തി പൈസ സമാഹരിച്ചിട്ടുണ്ടെന്നല്ലാതെ ഈ 31 വര്‍ഷത്തിന്റെ ഇടയ്ക്ക് വേറെ ഏത് കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്നാണ് പണം വാങ്ങിയിട്ടുള്ളതെന്ന് അവര്‍ തെളിയിക്കണം. ചുമ്മാ ആരോപിക്കരുത്.
ഇപ്പോള്‍ ഇവര്‍ സമൂഹത്തിനു മുന്നില്‍ പിഷാരടിയുടെ പേര് മോശമാക്കി. ഈ അനുഭവം അനുഭവം നാളെ 'അമ്മ'യിലെ ആര്‍ക്കും വരാം. എങ്ങനെയാണോ അന്‍സിബയോടൊപ്പം ഞങ്ങള്‍ നില്‍ക്കുന്നത്, അതുപോലെ തന്നെ പിഷാരടിയോടൊപ്പം ഞങ്ങളൊക്കെയുണ്ട്. ഞാന്‍ പിഷാരടിയുടെ ഈ വോയിസ് കേട്ട ദിവസം തന്നെ വിളിച്ചിരുന്നു. പക്ഷേ ആള് ഭയങ്കര ഡൗണ്‍ ആണ്, ഫോണ്‍ എടുത്തില്ല. ഇന്നലെയും ഞാന്‍ മെസ്സേജ് അയച്ചിട്ടുണ്ട്, എല്ലാവര്‍ക്കും വലിയ വിഷമമുണ്ട്.
ഇത്രയും വലിയൊരു ക്രൂരത അവര്‍ കാണിക്കാന്‍ പാടില്ലായിരുന്നു. പിഷാരടി ഒരു പ്രശ്‌നത്തിലും ഇല്ലായിരുന്നു, ഇത് രമ്യതയില്‍ പരിഹരിക്കാന്‍ വേണ്ടി വന്ന ഒരു മനുഷ്യനെ കുടുക്കി പൊതുജനങ്ങളുടെ മുന്‍പില്‍ നാണംകെടുത്തി. പിഷാരടി ജയിച്ചപ്പോള്‍ ഉമ്മ കൊടുക്കുന്ന പടമാണ് ഇവര്‍ പങ്കുവെച്ചത്, എന്നിട്ട് തോളില്‍ കൈ ഇട്ടുകൊണ്ട് ഇരുന്ന് ഭയങ്കര ചതിയല്ലേ ചെയ്തത്? സഹപ്രവര്‍ത്തകനെ ചതിച്ച ശ്വേതാ മേനോന് മമ്മൂക്കയും ലാലേട്ടനും പിന്തുണ കൊടുക്കുമോ ഇല്ലയോ എന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെ. പിഷാരടിയെ ഞങ്ങള്‍ക്കെല്ലാം നന്നായി അറിയാം. ആരോടും മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളല്ല പിഷാരടി. പിഷാരടിയ്ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ' ഉഷ ഹസീന പറഞ്ഞു.
https://www.facebook.com/Malayalivartha




















