എന്താ മോനേ ഇത് കണ്ണല്ലേ, തിക്കിലും തിരക്കിലുമാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടി

കഴിഞ്ഞദിവസം ജി എസ് ടി ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നിന്ന് വി ഐ പി കവാടത്തിലൂടെ പുറത്തെത്തിയ മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മൈക്ക് ഐഡി തട്ടിയിരുന്നു.
' എന്താ മോനേ ഇത് കണ്ണല്ലേ,' എന്ന് ചോദിച്ച് കാറിന്റെ ഡോര്‍ തുറന്ന് അകത്തുകയറിയ മോഹന്‍ലാല്‍ 'നിന്നെ ഞാന്‍ നോക്കി വച്ചിട്ടുണ്ട്' എന്ന് തമാശരൂപേണ പറഞ്ഞാണ് തിരിച്ചുപോയത്. ഇതിനുപിന്നാലെ മാദ്ധ്യമപ്രവര്‍ത്തകനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ആ മാദ്ധ്യമപ്രവര്‍ത്തകനെ മോഹന്‍ലാല്‍ വിളിച്ച് ആശ്വസിപ്പിച്ചെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത് സനില്‍കുമാര്‍. സംഭവം നടക്കുമ്പോള്‍ സനില്‍കുമാറും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.
മൈക്ക് കൊണ്ടപ്പോള്‍ മോഹന്‍ലാലിന്റെ കണ്ണ് വേദനിച്ചുവെന്നത് വാസ്തവമാണ്. പാപ്പനംകോടുള്ള സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും അവിടെയെത്തിയപ്പോഴുമെല്ലാം അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് വെള്ളം വന്നിരുന്നുവെന്ന് സനില്‍കുമാര്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഷൂട്ടിംഗിന്റെ ഇടയില്‍പ്പോലും മോഹന്‍ലാലിന്റെ കണ്ണില്‍ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. രാവിലെയും കണ്ണിന് അസ്വസ്ഥത തോന്നി. എന്നാല്‍ ഈ സംഭവത്തിന് കാരണക്കാരനായ മാദ്ധ്യമപ്രവര്‍ത്തകനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശനം ഉയരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ മാദ്ധ്യമപ്രവര്‍ത്തകന്റെ നമ്പര്‍ കണ്ടെത്തി വിളിച്ചു. തനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകനെ ആശ്വസിപ്പിച്ചു. ഞാന്‍ നോക്കിവച്ചിട്ടുണ്ട് കേട്ടോ എന്ന ഡയലോഗ് തമാശയ്ക്ക് ആവര്‍ത്തിച്ച ശേഷമാണ് ഫോണ്‍ വച്ചതെന്ന് സനില്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha