എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്

സുരേഷ് ഗോപിയുമായി വളരെ അടുത്ത സൗഹൃദമുണ്ടെന്ന് ജയന്‍ ചേര്‍ത്തല പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിനൊപ്പം നാല് പടമേ ചെയ്തിട്ടുള്ളൂ. പക്ഷേ എപ്പോള്‍ കണ്ടാലും എല്ലാവരോടും സുരേഷ് ഗോപിക്ക് ഭയങ്കര സ്‌നേഹമാണെന്നും ജയന്‍ വ്യക്തമാക്കി.
'എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്. 2012ലായിരുന്നു എന്റെ വിവാഹം. അപ്പോള്‍ സുരേഷേട്ടനുമായി എനിക്ക് വല്യ ബന്ധമൊന്നുമില്ല. കിംഗ് ആന്‍ഡ് കമ്മീഷണര്‍ മാത്രം ചെയ്തിട്ടുണ്ട്. അതുകഴിഞ്ഞ് സിംഹാസനം സിനിമ ചെയ്യുന്ന സമയമായിരുന്നു വിവാഹം. ലൊക്കേഷനില്‍ പൃഥ്വിരാജ് ഉള്‍പ്പടെ എല്ലാവരെയും വിവാഹത്തിന് വിളിച്ചു. മമ്മൂക്ക അന്ന് ലണ്ടനിലാണ്. എത്താന്‍ പറ്റില്ലെന്ന് പറഞ്ഞു. ലാലേട്ടനുമായി അന്നെനിക്ക് ബന്ധമില്ലാത്തതിനാല്‍ അദ്ദേഹത്തെ വിളിച്ചില്ല.
മേയ് 31നാണ് വിവാഹം. 29ന് സിംഹാസനത്തിന്റെ സെറ്റില്‍ നിന്ന് വീട്ടിലെത്തി. മുപ്പതിന് രാവിലെ എഴുന്നേറ്റപ്പോള്‍ എനിക്കൊരു കോള്‍ വന്നു. ഞാന്‍ സുരേഷ് ഗോപിയാണെടാ, നിന്റെ കല്യാണമാണോ നാളെ, എന്താ എന്നെ വിളിക്കാതിരുന്നതെന്ന് ചോദിച്ചു. മറുപടി നല്‍കുന്നതിന് മുമ്പ്, ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വീട്ടിലേക്ക് വരുന്നുണ്ട്, ഊണ് റെഡിയാക്കിക്കോയെന്ന് പറഞ്ഞു. എനിക്ക് പുള്ളിയുടെ ഇഷ്ടമൊന്നുമറിയില്ല. വെജ്ജാണോയെന്ന് ഞാന്‍ ചോദിച്ചു. നോണ്‍ വെജ്ജ് മതിയെന്ന് പറഞ്ഞു. അങ്ങനെ കരിമീന്‍ വാങ്ങി, കപ്പയൊക്കെ തയ്യാറാക്കി.
പുള്ളിയുടെ വലിപ്പം നോക്കണം. വെള്ളാപ്പള്ളിയുടെ വീട്ടില്‍ എന്തോ ചടങ്ങിന് വന്നതാണ് പുള്ളി. വെള്ളാപ്പള്ളി നടേശന്‍ സാറ് അവിടെ ഭക്ഷണമൊക്കെ തയ്യാറാക്കിയിരുന്നു. ഞാന്‍ അവിടെ നിന്ന് കഴിക്കില്ലെന്ന് പറഞ്ഞ്, വെള്ളാപ്പള്ളി നടേശന്‍ സാറിന്റെ ബെന്‍സ് കാറെടുത്ത് അവര്‍ ഏഴുപേര്‍ എന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചു. വീട്ടിലെ എല്ലാവരുമായി സംസാരിച്ചു.
കിംഗ് ആന്‍ഡ് കമ്മീഷണര്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തതാണെന്നും തന്നെ കല്യാണം വിളിക്കാത്ത വാശിക്കാണ് ഇന്ന് വന്ന് ഭക്ഷണം കഴിച്ചതെന്നും സുരേഷേട്ടന്‍ എന്റെ അമ്മയോട് പറഞ്ഞു. വിവാഹത്തിന് എല്ലാവിധ ആശംസകളും നല്‍കി. എന്നാല്‍ കല്യാണം വിളിക്കാത്തോണ്ട് വരില്ലെന്നും പറഞ്ഞ് പുള്ളി പോയി. എത്ര വലിയ മനുഷ്യനാണ് പുള്ളി. അന്നുതൊട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്.' ജയന്‍ ചേര്‍ത്തല പറഞ്ഞു.
https://www.facebook.com/Malayalivartha