താരസംഘടനയായ 'അമ്മ'യെ ഇനി ഇവര്‍ നയിക്കും

താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി നടി ശ്വേത മേനോന്‍. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പില്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറര്‍ ആയി ഉണ്ണി ശിവപാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജയന്‍ ചേര്‍ത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്. പ്രസിഡന്റ് (ശ്വേത മേനോന്‍), വൈസ് പ്രസിഡന്റ് (ലക്ഷ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അന്‍സിബ), ജനറല്‍ സെക്രട്ടറി (കുക്കു പരമേശ്വരന്‍) എന്നിങ്ങനെ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ വനിതകള്‍ എത്തിയതാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.
പിന്തുണച്ച എല്ലാവര്‍ക്കും ശ്വേത മേനോന്‍ നന്ദി പറഞ്ഞു. 'ഒരു വര്‍ഷത്തില്‍ രണ്ടു ജനറല്‍ ബോഡി നടത്തുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള പരിപാടിയാണ്, ചെലവാണ്. എന്നിട്ടും 298 പേര്‍ വന്നു വോട്ട് ചെയ്തു. അതിന് എല്ലാവര്‍ക്കും നന്ദി. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതേ ഉള്ളൂ. അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരണമെന്ന് പറഞ്ഞു. ഇതാ അങ്ങനെ സംഭവിച്ചു. ഇനി മാധ്യമങ്ങളും സംഘടനയിലെ അംഗങ്ങളെ പോലെ എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നു,' സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ശ്വേത പറഞ്ഞു.
സരയു മോഹന്‍, അഞ്ജലി നായര്‍, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, ജോയ് മാത്യു, വിനു മോഹന്‍, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്‍സിബ ഉള്‍പ്പടെ പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ പന്ത്രണ്ടു പേരും പത്രിക പിന്‍വലിച്ചതോടെ അന്‍സിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാല്‍ മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയില്ല. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖര്‍ വോട്ട് ചെയ്തു. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള ആരോപണങ്ങള്‍ക്കാണ് 'അമ്മ'യിലെ തിരഞ്ഞെടുപ്പ് വേദിയായത്. അശ്ലീല സിനിമകളില്‍ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേത മേനോന് എതിരെ കേസ് വരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശ്വേത സംഘടനയുടെ തലപ്പത്ത് എത്തുന്നത്.
രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. കുക്കു പരമേശ്വരനെതിരെ സംഘടനയിലെ തന്നെ ഒരു സംഘം വനിതകള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പൊതു പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ സംയമനത്തോടെയായിരുന്നു കുക്കുവിന്റെ ഇടപെടല്‍. എന്തായാലും, ഈ വിജയത്തോടെ സംഘടനയിലെ തന്റെ വിശ്വാസ്യത കൂടി തെളിയിക്കുകയാണ് കുക്കു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹന്‍ലാല്‍ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
https://www.facebook.com/Malayalivartha


























