പുതിയ തുടക്കവുമായി ബേസില്‍ ജോസഫ്

സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പുതിയ സിനിമാ സംരംഭത്തിലേക്ക്. ബേസില്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. 'ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സും പുറത്തുവിട്ടിട്ടുണ്ട്.
'അപ്പോള്‍, ഇതാ വീണ്ടും തുടങ്ങുന്നു, ഞാന്‍ ഇതുവരെ ചെയ്യാത്തൊരു കാര്യം ഒന്ന് പരീക്ഷിക്കുന്നു, സിനിമ നിര്‍മ്മാണം. എങ്ങനെയെന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍ കഥകള്‍ കൂടുതല്‍ നന്നായി, ധൈര്യപൂര്‍വം, പുതിയ രീതിയില്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്ക് കൊണ്ടുപോകുമെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റിലേക്ക് സ്വാഗതം' ബേസില്‍ കുറിച്ചു.
പിസ ഗോപുരം താഴെ നിന്ന് ഉയര്‍ത്തി നേരയാക്കാന്‍ നോക്കുന്ന സൂപ്പര്‍ഹീറോ വേഷത്തിലുള്ള ഒരു കുഞ്ഞിന്റെ ആനിമേഷനിലാണ് ടൈറ്രില്‍ ഗ്രാഫിക്‌സ്. നേരെ നിര്‍ത്തിയ ഗോപുരം തള്ളി താഴെയിട്ട ശേഷം കൂളിംഗ് ഗ്ലാസ് ധരിച്ച് കൈയില്‍ കോലുമിഠായിയുമായി നില്‍ക്കുന്ന കുട്ടിയുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുന്നതാണ് ലോഗോ. ബേസില്‍ സംവിധാനം ചെയ്ത 'മിന്നല്‍മുരളി' റഫറന്‍സ് ഉള്ളതാണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. പശ്ചാത്തല സംഗീതത്തിനൊപ്പം ബേസിലിന്റെ പൊട്ടിച്ചിരിയും കേള്‍ക്കാം. നടന്‍ നിര്‍മിക്കുന്ന ആദ്യ സിനിമ ഏതായിരിക്കുമെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധായകനായും നടനായും ബേസില്‍ മലയാള സിനിമായില്‍ സജീവമാണ്. 'കുഞ്ഞിരാമായണ', 'ഗോദ', ' മിന്നല്‍മുരളി' എന്നീ ചിത്രങ്ങള്‍ ബേസില്‍ സംവിധാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha