രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി

മാക്ടയും രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംവിധായകൻ ജൂഡ് ആന്റണി ഉദ്ഘാടനം ചെയ്തു. പാഷനും സ്വന്തമായി ആർജിച്ചെടുത്ത അറിവും മറ്റാർക്കും തട്ടിയെടുക്കാനായി കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർ നമ്മളെ നിരുത്സാഹപ്പെടുത്താനായി ശ്രമിക്കുമ്പോൾ അതിൽ തളർന്നു പോകാതെ, ആ വാക്കുകളെ മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമായി മാറ്റിയെടുക്കാനായി വിദ്യാർത്ഥികൾക്ക് കഴിയണം.
വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള സംവിധായകർ ഒരുക്കുന്ന സിനിമകൾ കാണാൻ പ്രേക്ഷകർക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ഫിലിം ഫെസ്റ്റിവൽ. സിനിമയെ ഗൗരവമായി കാണുന്ന ഒട്ടേറെപ്പേർ ഈ വ്യവസായത്തിലുണ്ട്. താൻ ഇപ്പോഴും സിനിമയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ഉദ്ഘാടനത്തോട് അനുബന്ധിച്ച് അന്തരിച്ച പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ജോൺ പോളിന്റെ അനുസ്മരണവും നടന്നു. ചടങ്ങിൽ അദ്ദേഹം രചിച്ച അമൂല്യ പുസ്തകങ്ങളുടെ ശേഖരം മകൾ ജിഷ ജോൺ മാക്ടയ്ക്കും രാജഗിരി കോളജിനുമായി കൈമാറി. സംവിധായകൻ മധുപാലാണ് പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. സിനിമ തന്റെ ജീവിതത്തിന്റെ ഭാഗമാകാൻ കാരണങ്ങളിൽ ഒന്ന് ജോൺ പോളായിരുന്നുവെന്ന് മധുപാൽ അനുസ്മരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























