സില്‍ക്കില്ലാത്ത 20 വര്‍ഷങ്ങള്‍

ഒരുകാലത്ത് ആരാധകരുടെ ഉറക്കം കെടുത്തിയിരുന്ന സില്‍ക്ക് സ്മിതയെന്ന വിജയലക്ഷ്മി വെള്ളിതിരയില്‍ നിന്നും അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1996 സെപ്റ്റംബര്‍ 23 നാണ് അവര്‍ മരിച്ചത്. ആത്മഹത്യ ചെയ്യുകയായിരുന്നു.
ആന്ധ്രാപ്രദേശില്‍ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സ്മിത നാന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍കൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു. വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര് തിരുത്തുകയായിരുന്നു.
തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക് സില്‍ക്ക് എന്ന പേരു ഉറച്ചു.
നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആദ്യ ചിത്രത്തിലെ മസാല മാത്രം കണ്ടാസ്വദിച്ച പ്രേക്ഷകര്‍ തുടര്‍ന്നങ്ങോട്ട് കണ്ടതും സില്‍ക്കിന്റെ ശരീരത്തിന്റെ മാദകത്വം മാത്രമായിരുന്നു.
എണ്‍പതുകളിലെ യുവത്വത്തിനെ കോരിത്തരിപ്പിച്ചുവെന്ന പേര് മാത്രമേ തുടര്‍ന്നങ്ങോട്ട് സില്‍ക്കിനു നേരെ നീണ്ടു വന്നിട്ടുള്ളു. തന്റെ മുപ്പതാം വയസ്സിലാണ് സില്‍ക്ക് സ്മിത ചെന്നൈയിലെ ഫ്‌ളാറ്റില്‍ ജീവിതം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha
























