കാണിച്ചത് വലിയ ചെയ്ത്തായിപ്പോയി; ഒരു വര്‍ഷമായി പിഷാരടിയോട് മിണ്ടാത്ത ആ കൂട്ടുകാരന്‍!

സാമൂഹിക വിഷയങ്ങളിലെ ആക്ഷേപ ഹാസ്യവും ചിരിയും ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമായി മാറിയിരിക്കുന്നതിനാല്‍ 2016-ന്റെ ചിരി ഓര്‍മകളെ കുമാരേട്ടന്‍ എന്ന അയല്‍ക്കാരനിലും കൂട്ടുവിട്ടുപോയ ഒരു കൂട്ടുകാരനിലുമായി വ്യക്തിപരമായി ഒതുക്കുകയാണ്.കുമാരേട്ടനെ കുമാരേട്ടന്‍ വിളിക്കുന്നതും കുമാരേട്ടന്‍ എന്നു തന്നെ. 'കുമാരേട്ടന്‍ ചെയ്തു, കുമാരേട്ടന്‍ പറഞ്ഞു' എന്നേ അദ്ദേഹം സ്വന്തം കാര്യവും പറയാറുള്ളൂ.
വീട്ടില്‍ നിന്നു പ്രധാന റോഡിലേക്കുള്ള ഇടവഴിയില്‍ ഒരു ആല്‍ത്തറയുണ്ട്. അവിടെ തൊഴുതിട്ടാണ് അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും പോകാറുള്ളത്. 2016ല്‍ കുമാരേട്ടന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ മാറ്റം ഒരു സ്‌കൂട്ടര്‍ വാങ്ങി എന്നതാണ്. സ്‌കൂട്ടര്‍ വാങ്ങിയാലും ആല്‍ത്തറയില്‍ തൊഴുതു പോകുന്നത് ഒഴിവാക്കാനാവില്ലല്ലോ. കൈവിട്ടു തൊഴുന്നതു കൈവിട്ട കളിയും. അതോടെ ഒരു വഴി കുമാരേട്ടന്‍ കണ്ടെത്തി. ആല്‍ത്തറ മുന്നിലെത്തുമ്പോള്‍ മനസ്സാല്‍ ഈശ്വരനെ ധ്യാനിച്ചു രണ്ടു ഹോണ്‍ മുഴക്കും. ഭഗവാനുള്ള കൂപ്പുകയ്യാണ് ആ ഹോണടി. വീടു മുതല്‍ പ്രധാന റോഡ് എത്തുംവരെ ഹെല്‍മറ്റ് ധരിക്കില്ല കുമാരേട്ടന്‍. പോകുന്നതു കുമാരേട്ടനാണെന്ന് ദൈവത്തിനും മനസ്സിലാവണമല്ലോ...
ഈ വര്‍ഷം ഒരു കൂട്ടുകാരനു നല്‍കിയ അവിസ്മരണീയ ഉപദേശത്തിന്റെ അനന്തരഫലം കൂടി പറയാം. അവന്റെ കല്യാണ തലേന്നു വൈകിട്ട് എന്നെ വിളിച്ച് ഒരു ഗുരുതര പ്രശ്‌നം അവതരിപ്പിച്ചു. ചുണ്ടില്‍ കറുപ്പു നിറം. ഫോട്ടോയിലൊക്കെ മോശമാവും. എങ്ങനെയെങ്കിലും കറുപ്പു മാറ്റി കുറച്ചു ചുവപ്പിക്കാന്‍ വഴിയുണ്ടോ എന്നാണു ചോദ്യം. ലിപ്സ്റ്റിക് ഇടുകയാണ് ഒരു വഴി. പക്ഷേ അത് എടുത്തു കാണിക്കും എന്ന് അവന്‍ തന്നെ പറഞ്ഞു. എനിക്കറിയാവുന്ന ഒരു നാടന്‍ വഴി പറഞ്ഞുകൊടുത്തു. ചുണ്ടില്‍ തേന്‍ പുരട്ടി കിടന്നോളൂ. രാവിലെ കറുപ്പു നിറത്തിനു കുറേയൊക്കെ വ്യത്യാസമുണ്ടാവും.
അവന്‍ അതു ചെയ്തു കിടന്നു. പക്ഷേ അടുത്ത ദിവസം സംഭവിച്ചതു വേറെയായിരുന്നു. തേന്‍ കിനിയുന്ന ആ ചുണ്ടില്‍ അതിരാവിലെ കട്ടുറുമ്പ് കടിച്ചു. ചുണ്ടു ചുവന്നു. പക്ഷേ തടിച്ചു തൂങ്ങി. ആ ഒന്നൊന്നര ചുണ്ടുമായി കല്യാണം. അതായി ചര്‍ച്ചാ വിഷയം. കഴിഞ്ഞ ജനുവരിയിലായിരുന്നു കല്യാണം. അടുത്ത ജനുവരിയായിട്ടും അവന്‍ എന്നോടു മിണ്ടിയിട്ടില്ല. അങ്ങനെ പട്ടികടികൊണ്ട് ഏറെ നാട്ടുകാര്‍ വലഞ്ഞ 2016ല്‍ ഉറുമ്പുകടികൊണ്ടു എനിക്ക് വേണ്ടപ്പെട്ടൊരു കൂട്ടുകാരനെ നഷ്ടമായി.
https://www.facebook.com/Malayalivartha























