ലച്ചുവിന്റെ ഉപ്പും മുളകും നിറഞ്ഞ വിശേഷങ്ങളിലേക്ക്..

ജൂഹി റുസ്തഗി.... ഈ പേര് കേള്‍ക്കുമ്പോള്‍ ഏതോ ബോളിവുഡ് നടിയാണെന്ന് വിചാരിച്ച് പോവും. എന്നാല്‍ ഉപ്പും മുളകിലെ ലച്ചുവാണ് ഈ കിടിലന്‍ പേരിന്റെ ഉടമ. പാതി മലയാളിയായ ഈ കൊച്ചു മിടുക്കിയുടെ ഉപ്പും മുളകും നിറഞ്ഞ വിശേഷങ്ങളിലേക്ക്......
എന്റെ ക്ലാസ്മേറ്റിന്റെ അച്ഛനാണ് ഉപ്പും മുളകിന്റെയും ഡയറക്ടര്‍ ഉണ്ണി സാര്‍. ഞാന്‍ അവന്റെ ബര്‍ത്ത് ഡേയ്ക്ക് പോയപ്പോഴാണ് സാര്‍ എന്നെ കാണുന്നത്. അങ്ങനെയാണ് ഉപ്പും മുളകും എന്ന സീരിയലില്‍ എത്തുന്നത്. എന്നെപോലെ തന്നെയാണ് ലച്ചുവും. വഴക്കാളിയാണ്, മടിച്ചിയാണ്. ഒരു എണ്‍പത് ശതമാനത്തോളം ഞാന്‍ തന്നെയാണ് ലച്ചുവും.
ഇവിടെ വന്നപ്പോള്‍ എന്നോട് ഉണ്ണി സാര്‍ ആദ്യം പറഞ്ഞത് അഭിനയിക്കുകയേ വേണ്ട എന്നാണ്. വീട്ടില്‍ എങ്ങനെയാണോ അത് പോലെ നിന്നാല്‍ മതി, വീട്ടില്‍ അച്ഛനോട് എങ്ങനെ സംസാരിക്കുന്നു, അമ്മയോട് എങ്ങനെ സംസാരിക്കുന്നു, ചേട്ടനോട് എങ്ങനെ ഇടപഴകുന്നു, അത് പോലെ സീരിയലിലും ചെയ്താല്‍ മതി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നിരുന്നാലും ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ ചെയ്താല്‍ ശരിയാകുമോ, ഇല്ലെയോ എന്നൊക്കെയുള്ള പേടി ഉണ്ടായിരുന്നു. 34 ടേക്ക് വരെ പോയിട്ടുണ്ട് ആദ്യം. ഇപ്പോള്‍ ചിലത് ഒറ്റ ടേക്കില്‍ ശരിയാവും, കൂടി പോയാല്‍ 6 ടേക്ക്. അതില്‍ കൂടുതല്‍ പോവില്ല.

സെറ്റില്‍ നല്ല രസമാണ്. എല്ലാവരും ഒരു കുടുംബം പോലെയാണ് ഇവിടെ. വീട്ടില്‍ നിന്ന് കിട്ടുന്നതിലും ഇരട്ടി സ്നേഹം ഇവിടെ നിന്ന് കിട്ടുന്നുണ്ട്. കുറേ പഠിക്കാനുണ്ട് ഇവിടെ നിന്നും. വിഷ്ണു (റിഷി) ആയിട്ടാണ് ഞാന്‍ ഏറ്റവും കമ്പനി. ഒരേ പ്രായത്തില്‍ ഗ്രൂപ്പില്‍ ഉള്ളത് കൊണ്ടായിരിക്കാം അത്. പിന്നെ ഡയറക്ടര്‍ സാര്‍ ആയിട്ടും, ശിവ, കേശു ഇവരായിട്ടും നല്ല അടുപ്പം ഉണ്ട്.

ഈ സീരയലിലൂടെയാണ് എനിക്ക് ഫെയിം കിട്ടിയത്. പുറത്ത് വെച്ച് ആളുകള്‍ കാണുമ്പോള്‍ അവര്‍ അടുത്ത് വന്ന് സംസാരിക്കും. അതില്‍ സന്തോഷം ഉണ്ട്. പിന്നെ സ്വഭാവം കുറച്ച് കൂടി മെച്ചപ്പെടുത്തണം എന്ന് തോന്നാറുണ്ട്. പിന്നെ ലച്ചുവിന് അനിയത്തിയും, അനിയനും ഉണ്ട്. അതു പോലെ എനിക്കും വേണമെന്ന് ആഗ്രഹമുണ്ട്.
പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഈ സീരിയലില്‍ എത്തുന്നത്. അവിടെ വെച്ച് പഠിത്തം നിറുത്തിയിരിക്കുകയായിരുന്നു. ഉപ്പും മുളകും സീരിയല്‍ കഴിഞ്ഞാല്‍ ഇനി അഭിനയിക്കില്ല. എനിക്ക് ആകെ 18 വയസ്സ് ആയുള്ളു. ഇപ്പോള്‍ ഉണ്ടാകുന്നത് എക്സപീരിയന്‍സസ് ആണ്. ഇനി സിനിമയില്‍ പോയാലും ഇതേ എക്സ്പീരിയന്‍സസ് തന്നെയാണ് ഉണ്ടാവാന്‍ പോകുന്നത്.

പക്ഷേ, എനിക്ക് ഇനി പഠിക്കാനും, ഒരു ജോലി സമ്പാദിക്കാനുമൊക്കെയാണ് താല്‍പര്യം. അങ്ങനെ ഒരു സാധാരണ ജീവിതം നയിക്കാന്‍ ആണ് ഇഷ്ടം. ഇപ്പോള്‍ ഉള്ള ലൈഫ് മിസ്സ് ചെയ്യുമോ എന്ന് ചേദിച്ചാല്‍ മിസ്സ് ചെയ്യുമായിരിക്കും. പക്ഷേ കുറേ ഓര്‍മ്മകള്‍ ഉണ്ട് എനിക്ക്. അത് മതി ഇനി.
ഞാന്‍ ഫാഷന്‍ ഡിസൈനിങ്ങ് ചെയ്യുകയായിരുന്നു. അതും പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു. ഇനി എയര്‍പ്പോര്‍ട്ട് മാനേജ്മന്റ് പഠിക്കാനാണ് എന്റെ താല്‍പര്യം. പിന്നെ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു ഷോപ്പ് ഉണ്ട്. അത് നോക്കി നടത്താനും സഹായിക്കണം.
ഇപ്പോള്‍ ഫാമിലി ലൈഫ് നന്നായി മിസ്സ് ചെയ്യുന്നുണ്ട്. എന്റെ അച്ഛന്‍ രാജസ്ഥാനിയാണ്. അമ്മ മലയാളിയും. എനിക്ക് ഒരു ചേട്ടനുണ്ട്. ഇവരുടെ കൂടെ ചിലവഴിക്കാന്‍ സമയം കിട്ടാറേയില്ല. ഇനി ഇവരുടെ കൂടെ ഇവരിലൊരാളായി ഒരു സാധാരണ ലൈഫാണ് എനിക്ക് താല്‍പര്യം. ഇതൊക്കെയാണ് ആഗ്രഹം
https://www.facebook.com/Malayalivartha


























