ആര്‍ച്ചയ്ക്കും ആതിരയ്ക്കും സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ച് മഞ്ജു വാര്യര്‍

പാസഞ്ചര്‍ ട്രെയിനുകള്‍ മാറിമാറി കയറി രാത്രി കഴിച്ചുകൂട്ടിയ കുടുംബത്തിന് ആശ്വാസമായി മഞ്ജു വാര്യര്‍. പ്രദീപും ഭാര്യ രമ്യയും മക്കളായ ആര്‍ച്ചയും ആതിരയും ഉള്‍പ്പെടുന്ന കുടുംബമാണ് കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പോകുന്ന പാസഞ്ചര്‍ ട്രെയിനുകളില്‍ കഴിഞ്ഞിരുന്നത്. ഹരിപ്പാട് പഞ്ചവടി ജങ്ഷന് സമീപം അഞ്ചു സെന്റിലാണ് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ മനോഹരമായ വീടൊരുങ്ങിയിരിക്കുകയാണ്.
ഇവരുടെ കുടുംബത്തെപ്പറ്റി തീവണ്ടി വീട്ടില്‍ തീ തിന്ന് ഈ കുടുംബം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് മഞ്ജുവാര്യര്‍ കുടുംബത്തിന് സഹായവുമായി മുന്നോട്ടുവന്നത്. മഞ്ജുവിന്റെ നിര്‍ദേശപ്രകാരം ഹരിപ്പാട്ടെത്തിയ സുഹൃത്തുക്കള്‍ ആര്‍ച്ചയുടെ കുടുംബത്തെ വാടകവീട്ടിലേക്ക് മാറ്റുകയായിരുന്നു. ശ്രീവത്സം ബിസിനസ് ഗ്രൂപ്പ് ഏവൂരില്‍ ഇവര്‍ക്ക് അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയും അവിടെ മഞ്ജുവാര്യര്‍ വീടിന് തറക്കല്ലിട്ട് നിര്‍മാണച്ചെലവുകള്‍ ഏറ്റെടുക്കുകയുമായിരുന്നു.
മൂന്നുമാസംകൊണ്ട് പണിപൂര്‍ത്തിയായ വീടിന്റെ താക്കോല്‍ ചൊവ്വാഴ്ച രാവിലെ മഞ്ജുവാര്യര്‍ കൈമാറും. ആര്‍ച്ച മുട്ടം മുല്ലക്കര എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ്സുകാരിയും ആതിര രണ്ടാം ക്ലാസുകാരിയുമാണ്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന പ്രദീപിന് രണ്ടു വര്‍ഷം മുമ്പ് അപകടത്തില്‍ കാല്‍പ്പാദം നഷ്ടപ്പെട്ടതോടെ കുടുംബം ബുദ്ധിമുട്ടിലാവുകയായിരുന്നു. ആദ്യമൊക്കെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് താമസിച്ചിരുന്ന ഇവര്‍ക്ക് മഴയായതോടെ ട്രെയിനില്‍ അഭയം തേടേണ്ടി വരികയായിരുന്നു.
https://www.facebook.com/Malayalivartha


























