തമിഴ് സിനിമാ നടൻ ആര്യ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് യുവതിയുടെ പരാതി; നടപടിയെടുക്കാന്‍ തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയത്തിന്റെ നിർദ്ദേശം, സൂപ്പർ സ്റ്റാർ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

തെന്നിന്ത്യൻ സൂപ്പർ താരം ആര്യ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു. വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് ജര്‍മ്മന്‍ യുവതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ശനിയാഴ്ച്ച പരാതി നൽകിയിരുന്നു. ഇപ്പോൾ പരാതിയില്‍ നടപടിയെടുക്കാന്‍ തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്വീകരിച്ച നടപടികളില്‍ സന്തോഷമുണ്ടെന്നും തനിക്ക് ഉടന്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജര്‍മ്മന്‍ യുവതിയായ വിദ്ജ നവരത്നരാജ പറയുന്നത്. വഞ്ചിക്കപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ക്ക് ധൈര്യത്തോടെ നീതിക്കായി മുന്നോട്ട് വരാന്‍ ഇത് പ്രചോദനമാകുമെന്നും വിദ്ജ വ്യക്തമാക്കി.
യുവതി നൽകിയ പരാതിയുടെ പൂർണരൂപം:
"എന്റെ പേര് വിദ്ജ നവരത്നരാജ എന്നാണ്. ഞാന്‍ ഒരു ജര്‍മ്മന്‍ വംശയാണ്. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഞാന്‍ താമസിക്കുന്നത് ജര്‍മ്മനിയിലാണ്. ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മ്മാന്‍, ഹുസൈനി എന്നിവര്‍ എന്നെ വഞ്ചിച്ചതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങളാണ് ഈ പരാതിയില്‍ ഞാന്‍ വ്യക്തമാക്കുന്നത്. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി എന്റെ വിശ്വാസം പിടിച്ച് പറ്റിയ ഇവര്‍ എന്നില്‍ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഇതുവരെ പണം തിരിച്ച് നല്‍കിയിട്ടില്ല. തമിഴ് നടന്‍ ആര്യയുടെയും അദ്ദേഹത്തിന്റെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലായിരുന്നു പണമിടപാട് നടന്നത്. ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സഹായിക്കണമെന്നും ആര്യ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം, എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും ആര്യ എനിക്ക് വാക്ക് നല്‍കി. പക്ഷേ അയാള്‍ എന്നെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയില്‍ ഇയാള്‍ നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് ഞാന്‍ പിന്നീട് ആണ് തിരിച്ചറിയുന്നത്.
പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അയാളെയും അയാളുടെ അമ്മയെയും വിളിച്ചിരുന്നു. എന്നാല്‍, അവര്‍ എന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു. ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയമത്തിന് എന്നെ സഹായിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പിടിപാടുണ്ടെന്നും പറഞ്ഞു. ഇതുപോലെയുള്ള ക്രിമിനലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. പരസ്പരം സംസാരിച്ചതിന്റെയും പണം അയച്ച് നല്‍കിയതിന്റെയും എല്ലാ തെളിവുകളും എന്റെ കൈവശമുണ്ട്. എന്ന്റെ പണം തിരിച്ച് തരാന്‍ ഉതകുന്ന അന്വേഷണം നടത്തണം. അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. നിരവധി ഇടങ്ങളില്‍ അയാള്‍ക്കെതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒന്നിലും തീരുമാനമുണ്ടായില്ല. നിങ്ങളാണ് എന്റെ അവസാന പ്രതീക്ഷ, നീതി ലഭിക്കുമെന്ന് കരുതുന്നു". എന്നായിരുന്നു യുവതിയുടെ പരാതി.
നേരത്തെ റിയാലിറ്റി ഷോയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ശ്രമിച്ചതോടെ ആര്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയർന്നതായിരുന്നു. എന്നാല്‍ റിയാലിറ്റി ഷോയിലൂടെ ആഗ്രഹിച്ച പെണ്‍കുട്ടിയെ കിട്ടിയില്ലെന്നും ഇവരിലുള്ള ആരെയും തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാകുമെന്നും പറഞ്ഞ് ആര്യ രംഗത്ത് വന്നിരുന്നു.പിന്നീട് നടിയായ സയേഷയെ താരം വിവാഹം ചെയ്യുകയായിരുന്നു. തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും മറ്റ് വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുമായിരുന്നു. കൂടാതെ തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ ആര്യ മറ്റ് പല വിഷയങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിൽക്കുമായിരുന്നു. ഇതനിടെയിലാണ് വഞ്ചിച്ചെന്ന പരാതിയുമായി യുവതി രംഗത്ത് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha