വിശാലുമായുള്ള വിവാഹവാര്‍ത്തകള്‍ സത്യമെന്ന് നടി

കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ് നടന്‍ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടി സായ് ധന്‍ഷികയുമായാണ് വിശാലിന്റെ വിവാഹം എന്നായിരുന്നു അഭ്യൂഹം. എന്നാല്‍ വിവാഹത്തെ കുറിച്ച്പരന്ന വാര്‍ത്തകള്‍ അഭ്യൂഹമല്ലെന്നും യഥാര്‍ത്ഥമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധന്‍ഷികയും. യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വെളിപ്പെടുത്തല്‍ . വിവാഹം ഓഗസ്റ്റ് 29ന് നടക്കുമെന്നും ധന്‍ഷിക ഓഡിയോ ലോഞ്ച് വേദിയില്‍ പറഞ്ഞു.
നടികര്‍ സംഘത്തിന്റെ (തമിഴ് ചലച്ചിത്ര അഭിനേതാക്കളുടെ അസോസിയേഷന്‍) ജനറല്‍ സെക്രട്ടറിയാണ് വിശാല്‍. നടികര്‍ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ താന്‍ വിവാഹം കഴിക്കൂവെന്നായിരുന്നു നടന്‍ മുമ്പ് പറഞ്ഞത്. നടികര്‍ സംഘത്തിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരു അഭിമുഖത്തില്‍ നടനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു.
'അതെ, ഞാന്‍ ആളെ കണ്ടെത്തി. വിവാഹത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ ഉടന്‍ പ്രഖ്യാപിക്കും.'- എന്നാണ് നടന്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി സായ് ധന്‍ഷികയും വിശാലും വിവാഹിതരാകാന്‍ പോകുന്നുവെന്ന രീതിയില്‍ കിംവദന്തികള്‍ ഉയര്‍ന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. മുമ്പ് വരലക്ഷ്മി ശരത്കുമാറടക്കം നിരവധി നടിമാരുടെ പേര് വിശാലിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha