മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാറ്റം ഉറപ്പ് ; പോലീസിനെ നന്നാക്കാന്‍ പി ശശി; എല്‍ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജനോ എ.കെ ബാലനോ? തിരുവനന്തപുരം സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കം
മുഖ്യമന്ത്രിയുടെ ഓഫീസിലെ പരമാധികാരിയായി പി ശശി എത്തുമെന്നത് ഉറപ്പായി. പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് നിയമനം. നിലവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന് ചിന്തയുടെയും ദേശാഭിമാനിയുടെയും എഡിറ്റര്‍ ചുമതല നല്‍കിയേക്കും.
പൊലീസിനെതിരെ വലിയ ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പി ശശി വരുന്നത്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊലീസ് വകുപ്പിനെ അടക്കിഭരിച്ചിരുന്നത് ശശിയായിരുന്നു. ശശിയുടെ വരവോടെ പൊലീസിന്റെ കാര്യക്ഷമത ഉയരുമെന്ന് സി പി എം കരുതുന്നു. പൊലീസിന്റെ മേലുള്ള സര്‍ക്കാരിന്റെ നിയന്ത്രണമില്ലായ പാര്‍ട്ടി കോണ്‍ഗസിലുള്‍പ്പെടെ പ്രതിഫലിച്ച സാഹചര്യത്തിലാണ് ശശിയുടെ നിയമനം. അതേസമയം സ്ത്രീപീഡന പരാതിയില്‍ മാറ്റി നിര്‍ത്തപ്പെട്ട ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത സ്ഥാനത്തെത്തുന്നത് വലിയ ചര്‍ച്ചയാകും.
സ്ത്രീസുരക്ഷ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരെന്നതാണ് പിണറായി സര്‍ക്കാരിന്റെ പ്രധാന അവകാശവാദം. വിവാദങ്ങള്‍ പരിഗണിക്കാതെ തന്നെ ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പി ശശിയുടെ കാര്യം ധാരണയാകും. സംസ്ഥാന കമ്മിറ്റിക്കു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
സംസ്ഥാന സമ്മേളന പ്രതിനിധി അല്ലാതിരുന്നിട്ടു പോലും പി ശശിയെ നേതൃത്വം ഇടപെട്ട് സംസ്ഥാന കമ്മിറ്റിയിലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി വരട്ടെ എന്ന ധാരണ നേതൃത്വത്തിന് നേരത്തെ തന്നെയുണ്ടായിരുന്നു എന്നാണ് സൂചന .
എസ് എഫ് ഐ കാലം മുതല്‍ പാര്‍ട്ടി ബുദ്ധിജീവിയായി എഴുത്ത് കുത്തുകളുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന പുത്തലത്ത് ദിനേശന്റ മാധ്യമങ്ങളോടും പാര്‍ട്ടിയോടുമുള്ള ആശയവിനിമയത്തിലും പരാതികളുണ്ടായിരുന്നു. ദേശാഭിമാനിയുടെ മാത്രം ചുമതല ദിനേശന് നല്‍കി ചിന്തയുടെ ചുമതല പുതിയതായി സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം സ്വരാജിന് നല്‍കാനും ആലോചനയുണ്ട്.
പാര്‍ട്ടി തലത്തിലും മാറ്റങ്ങള്‍ സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ചചെയ്യും. എ. വിജയരാഘവന്‍ പോളിറ്റ് ബ്യൂറോ അംഗമായ സാഹചര്യത്തില്‍ എല്‍ഡി എഫ് കണ്‍വീനര്‍ ചുമതല ഇ.പി. ജയരാജന് നല്‍കിയേക്കും. സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ. ബാലന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ബാലന്റെ താല്‍പ്പര്യം പരിഗണിക്കപ്പെടാനിടയില്ല.
തരുവനന്തപുരം ജില്ലാ സെക്രട്ടറി ആരാവുമെന്നതിലും തര്‍ക്കം രൂക്ഷമാണ്. വി ശിവന്‍കുട്ടി ജയന്‍ബാബുവിനെ പിന്തുണയ്ക്കുമ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ വര്‍ക്കല എം എല്‍ എ വി ജോയിക്കു വേണ്ടി ചരടുവലി നടത്തുന്നു. വര്‍ക്കല ശിവഗിരിയില്‍ ആര്‍ എസ് എസിനെ അകറ്റി നിര്‍ത്താനായതും കേരള ബാങ്കിന്റെ ലെയ്‌സണ്‍ ജോലികളിലും കാണിച്ച നേതൃപാടവമാണ് കടകം പള്ളി പക്ഷം എടുത്തുകാണിക്കുന്നത്. ആനത്തലവട്ടം ആനന്ദനും ബന്ധു കൂടിയായ വി ജോയിക്കായി രംഗത്തുണ്ട് . നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സി പി എം സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
" "
https://www.facebook.com/Malayalivartha