മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ്; ചങ്ങനാശേരിയിൽ ആറ് അപേക്ഷകൾ പരിശോധിച്ചതിൽ മൂന്നിലും ക്രമക്കേട്; ജില്ലയിൽ ഒൻപത് വില്ലേജ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണ വലയിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വിജിലൻസ് സംഘം നടത്തുന്ന പരിശോധനയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ക്രമക്കേടിന്റെ കണക്കുകൾ. ക്രമക്കേട് നടന്നതായി സംശയിക്കുന്ന ഇരുപത് അപേക്ഷകളാണ് ചങ്ങനാശേരി താലൂക്കിൽ വിജിലൻസ് സംഘം കണ്ടെത്തിയത്. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ ദക്ഷിണമേഖലാ ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ രേഖകൾ ശനിയാഴ്ച പരിശോധിച്ചത്.
ചങ്ങനാശേരി താലൂക്കിൽ സംശയം തോന്നി പരിശോധിച്ച 20 അപേക്ഷകളിൽ ആറെണ്ണത്തിന്റെ രേഖകളാണ് ശനിയാഴ്ച വിജിലൻസ് സംഘം പരിശോധിച്ചത്. ഈ ആറിൽ മൂന്നെണ്ണത്തിലും വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ജില്ലയിലെ ഒൻപത് വില്ലേജ് ഉദ്യോഗസ്ഥർ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ പല താലൂക്കുകളിലും വ്യാപകമായി തന്നെ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
ജില്ലാ കളക്ടറേറ്റിൽ ആദ്യ ദിവസം നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ തന്നെ വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് വിജിലൻസ് ഇപ്പോൾ പരിശോധന മറ്റ് താലൂക്കുകളിലേയ്ക്കു കൂടി കേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ വിജിലൻസിന്റെ പരിശോധന പൂർത്തിയാകുന്നതോടെ ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാീണ് ലഭിക്കുന്ന സൂചന. വൻ ക്രമക്കേടുകളാണ് ജില്ലയിൽ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി വിജിലൻസ് സംഘം വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും കളക്ടറേറ്റിലും പരിശോധന തുടരുകയാണ്.
https://www.facebook.com/Malayalivartha