കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം... മാര്‍ച്ച് 3 ലോക കേള്‍വി ദിനം

എല്ലാ വര്‍ഷവും മാര്‍ച്ച് 3ന് ലോക കേള്‍വി ദിനം ആചരിക്കുന്നു. 'മാറ്റാം ചിന്താഗതികള്‍, യാഥാര്‍ത്ഥ്യമാക്കാം കര്‍ണ്ണ-ശ്രവണ പരിചരണം എല്ലാവരിലും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി വൈകല്യത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്നു.
ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ഓരോ ജില്ലയിലും ഓരോ സമ്പൂര്‍ണ്ണ കര്‍ണ്ണരോഗ നിര്‍ണയ ചികിത്സാ കേന്ദ്രങ്ങള്‍ വേണമെന്നിരിക്കെ, നമ്മുടെ സംസ്ഥാനത്ത് അത്തരത്തിലുള്ള അഞ്ച് കേന്ദ്രങ്ങളാണ് ഓരോ ജില്ലയിലും പ്രവര്‍ത്തിച്ചു വരുന്നത്. കേള്‍വി സംബന്ധമായ രോഗങ്ങളുടെ എല്ലാ പരിശോധനകളും ചികിത്സകളും ഈ കേന്ദ്രങ്ങളില്‍ ലഭ്യവുമാണ്.
കര്‍ണ സംബന്ധമായ രോഗാവസ്ഥകളെ വളരെ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. കേള്‍വിക്കുറവിന്റെ പുനരധിവാസ പ്രവര്‍ത്തനത്തിലെ മുഖ്യഘടകമായ ശ്രവണ സഹായി സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സൗജന്യമായി ജനങ്ങൾക്ക് നൽകുന്നു.
ശ്രവണ വൈകല്യം നേരിടുന്ന 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ശ്രുതിതരംഗം പദ്ധതി നടപ്പിലാക്കി വരുന്നു. ശ്രുതി തരംഗം പദ്ധതി വഴി ഇതുവരെ 1200 ൽ അധികം കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ശ്രുതിതരംഗം പദ്ധതിയില്‍ പുതുതായി ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട 554 അപേക്ഷകള്‍ക്ക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് അനുമതി നല്‍കിയതില്‍ 265 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 202 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആശുപത്രികളില്‍ പുരോഗമിക്കുന്നു. ബാക്കിയുള്ളവയില്‍ നടപടി സ്വീകരിച്ചു വരുന്നു. കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കിയ 102 കുട്ടികളില്‍ 38 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 32 പേരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ അതത് ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളില്‍ 15 പേരുടെ പ്രോസസര്‍ അപ്ഗ്രഡേഷന്‍ നടത്തി. 96 പേരുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
കേള്‍വി സംരക്ഷണത്തിലും കേള്‍വിക്കുറവിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സംസ്ഥാനത്തെ ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹിയറിങ് ഫോറത്തില്‍ കേരള ബധിരതാ നിയന്ത്രണ പദ്ധതിക്ക് അംഗത്വം നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടവുമാണ്.
കേള്‍വിക്കുറവിനെക്കുറിച്ചും കേള്‍വി സംബന്ധമായ രോഗങ്ങളെക്കുറിച്ചും സമൂഹത്തില്‍ പല തെറ്റായ ധാരണകളും നിലവിലുണ്ട്. ഇത് മാറ്റേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. കേള്‍വിക്കുറവിനെക്കുറിച്ചും കര്‍ണ്ണ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും അതോടൊപ്പം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യാന്‍ നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാം.
"
https://www.facebook.com/Malayalivartha


























