സ്‌റ്റെതസ്സ്‌കോപ് വഴി ബാക്ടീരിയ പകരാന്‍ സാധ്യതയുണ്ടെന്ന് പുതിയ കണ്ടെത്തല്‍!

പകര്‍ച്ചവ്യാധിയുള്ളവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രോഗിയെ പരിശോധിച്ചശേഷം ഓരോ തവണയും കൈ കഴുകുന്നതു കണ്ടിട്ടില്ലേ? ബാക്ടീരിയ വ്യാപനം തടയുന്നതിനായിട്ടാണിത്. എന്നാല്‍, ആരോഗ്യ മേഖലയില്‍നിന്ന് ആശങ്കയുളവാക്കുന്ന മറ്റൊരു വാര്‍ത്ത.
സ്‌റ്റെതസ്‌കോപ്പിലൂടെ രോഗപ്പകര്‍ച്ചയ്ക്കു സാധ്യതയേറെയെന്നു കണ്ടെത്തിയിരിക്കുന്നു..! ജനീവ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച വ്യക്തമായ തെളിവുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുന്ന ബാക്ടീരിയകളുടെപോലും അതിവേഗത്തിലുള്ള പകര്‍ച്ചയ്ക്കു സ്‌റ്റെതസ്‌കോപ്പ് കാരണമാകുന്നതായാണു കണ്ടെത്തല്‍. ഡോക്ടര്‍മാരുടെ കൈയിലെത്തപ്പെടുന്നതിനേക്കാള്‍ ഏറെ കൂടുതലാണ് രോഗിയുടെ ശരീരത്തില്‍നിന്നു സ്‌റ്റെതസ്‌കോപ്പിന്റെ പ്രതലത്തിലെത്തുന്ന ബാക്ടീരിയകളുടെ തോത്. ദിവസം മുഴുവന്‍ ഡോക്ടര്‍മാര്‍ ഒരേ സ്‌റ്റെതസ്‌കോപ്പാണ് ഉപയോഗിക്കുന്നത്. പലവിധ രോഗം ബാധിച്ചെത്തുന്നവരുടെ ശരീരവുമായി നേരിട്ടു ബന്ധമുള്ള ഉപകരണമായതിനാല്‍ ബാക്ടീരിയ വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.
രോഗിയെ പരിശോധിക്കുന്ന ഡോക്ടറുടെ കൈയില്‍ ബാക്ടീരിയ എത്തിപ്പെടുന്നതുപോലെതന്നെയാണ് സ്‌റ്റെതസ്‌കോപ്പിലൂടെയും ബാക്ടീരിയ വ്യാപിക്കുന്നത്. സ്‌റ്റെതസ്‌കോപ്പിന്റെ ട്യൂബ്, ഡയഫ്രം, ഡോക്ടറുടെ കൈയുടെ നാലു ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ പ്രത്യേകം പ്രത്യേകമായെടുത്തു ബാക്ടീരിയയുടെ എണ്ണം സംബന്ധിച്ച പരിശോധന നടത്തി. ഡോക്ടറുടെ കൈയിലെത്തുന്നതിനേക്കാളേറെ ബാക്ടീരിയകള്‍ സ്‌റ്റെതസ്‌കോപ്പിന്റെ ഡയഫ്രത്തില്‍ കണ്ടെത്താനായി. ഡോക്ടറുടെ കൈയുടെ പിന്‍ഭാഗത്തു കണ്ടതിനേക്കാളേറെ ബാക്ട്രീരിയകള്‍ സ്‌റ്റെതസ്‌കോപ്പിന്റെ ട്യൂബിലും കണ്ടെത്തി.
https://www.facebook.com/Malayalivartha