ഗൗട്ട് : നിസ്സാരമെന്ന് കരുതരുത്

ഗൗട്ട് എന്നാല്‍ പെരുവിരല്‍ വീര്‍ത്ത് വേദനിക്കുന്ന അവസ്ഥ എന്നാണ് പലരുടെയും ധാരണ. കാലിൽ ഉളുക്ക് വീണതോ മറ്റോ ആകാം എന്ന ധാരണയിൽ വീട്ടു ചികിത്സകൾ മാത്രം ചെയ്ത് രോഗത്തെ അവഗണിക്കാറുമുണ്ട് .എന്നാൽ ഗൗട്ട് അത്ര നിസ്സാരക്കാരനല്ല. രോഗത്തിന്റെ കാഠിന്യം ഏറുന്നതനുസരിച്ച് കാലിന്റെ പെരുവിരലില്‍ നീരുകെട്ടി വീര്‍ത്ത് വേദന അനുഭവിക്കുന്ന അവസ്ഥയില്‍ എത്തുമ്പോഴാണ് ഡോക്ടറെ കാണാനും ചികിൽസിക്കാനും തുടങ്ങുന്നത്.
പെരുവിരലിന്റെ ചുവട്ടില്‍ തുടരെത്തുടരെ സൂചികൊണ്ട് കുത്തുന്ന പോലെയും വേദനയും മരവിപ്പും അനുഭവപ്പെടുന്നതാണ് ഗൗട്ടിന്റെ പ്രാരംഭ ലക്ഷണം. ചിലപ്പോള്‍ കാല് മുഴുവനും മരവിപ്പ്, പാദത്തിന് നൊമ്പരം തുടങ്ങിയ ലക്ഷണങ്ങളോടെയാവാം തുടക്കം. കണങ്കാല്‍, മുട്ട് തുടങ്ങിയ സന്ധികളെയും ബാധിക്കും. പക്ഷേ, ഒരു സമയം ഒരു സന്ധി-അപൂര്‍വമായി രണ്ടു സന്ധികളില്‍- മാത്രമേ വേദനയും നീരും അനുഭവപ്പെടുകയുള്ളൂ. ഒരു സന്ധിയില്‍ നിന്നും മറ്റൊരു സന്ധിയിലേക്ക് മാറി മാറിയും അനുഭവപ്പെടും. ഇതാണ് ഗൗട്ടിന്റെ പ്രത്യേകത. മറ്റ് സന്ധിവേദന രോഗങ്ങളില്‍ (ഉദാ: റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, സിസ്റ്റമിക് ലൂപ്പസ്) ഒരേസമയം വിവിധ സന്ധികളില്‍ വേദനയും നീരും അനുഭവപ്പെടും.
ഗൗട്ട് പഴകിക്കഴിയുമ്പോള്‍ ത്വക്കില്‍ നിറംമാറ്റം സംഭവിക്കാം. ത്വക്കിനടിയില്‍ ചെറുമുഴ ഉണ്ടാകുന്നു. ടോഫി എന്നാണിത് അറിയപ്പെടുന്നത്.ഇത് ടൊഫേഷ്യസ് ഗൗട്ട് എന്നും അറിയപ്പെടാറുണ്ട്. ഗൗട്ട് തുടങ്ങിയാല്‍ ചികിത്സിച്ച് ഭേദപ്പെടുന്നില്ലെങ്കില്‍ കിഡ്‌നിയില്‍ യൂറിക് ആസിഡ് സ്റ്റോണ്‍ ഉണ്ടാവും. സന്ധിയില്‍ യൂറിക് ആസിഡ് കണ്ടെത്തുന്നതാണ് ഗൗട്ട് ടെസ്റ്റ്.
രോഗാവസ്ഥ മൂര്‍ച്ഛിക്കുന്ന സമയം രക്തത്തില്‍ യൂറിക് ആസിഡിന്റെ നില കുറഞ്ഞിരിക്കും. എന്നാല്‍ സന്ധികളില്‍ യൂറിക് ആസിഡിന്റെ തോത് വളരെ കൂടുതലായാണ് കാണാന്‍ സാധിക്കുന്നത്. ഇതിനു കാരണം യൂറിക് ആസിഡ് ക്രിസ്റ്റലുകളായി സന്ധികളില്‍ അടിഞ്ഞുകൂടുന്നു എന്നുള്ളതാണ്. രക്തത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിച്ചുവരുന്ന അവസ്ഥയെ ഹൈപ്പര്‍ യൂറീസിമിയ എന്നും പറയുന്നു.
യൂറിക് ആസിഡ്എന്നത് നമ്മുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെ എത്തുന്ന പ്യൂരിനുകള്‍ ദഹിച്ചുണ്ടാകുന്ന മലിന പദാര്‍ത്ഥമാണ്. രോഗാവസ്ഥ അല്ലാത്ത ശരീരത്തില്‍ ഇങ്ങനെയുണ്ടാകുന്ന മലിന പദാര്‍ത്ഥങ്ങള്‍ മലമൂത്ര വിസര്‍ജ്ജനം വഴി പുറംതള്ളപ്പെടുന്നു. യൂറിക് ആസിഡ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് പലതരം കാരണങ്ങളെ ആശ്രയിച്ചാണ്. ഇതില്‍ പ്രധാനം നാം കഴിക്കുന്ന ഭക്ഷണവും, ജീവിതരീതികളും, ദൈനംദിന വ്യായാമം തുടങ്ങിയവയാണ്. അമിത ശരീരഭാരവും ഈ രോഗത്തിന്റെ കാരണങ്ങളില്‍ ഒന്നായി കാണാവുന്നതാണ്.
മാംസ കൊഴുപ്പിലും വിവിധയിനം ഈസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിന്‍ ധാരാളമായുണ്ട്ബ്രഡ്, കേക്ക്, ബിയര്‍, മദ്യം, അവയവ മാംസങ്ങളായ കരള്‍, കിഡ്‌നി ഇവ പ്രധാനമായും ഒഴിവാക്കണം.മിതമായ പ്രോട്ടീന്‍, അധികം തവിടുള്ള അന്നജം, കുറഞ്ഞ കൊഴുപ്പുചേര്‍ന്ന ഭക്ഷണക്രമം എന്നിവ പാലിക്കണം. വാഴപ്പഴം, ഇഞ്ചി, തക്കാളി, കൈതച്ചക്ക, നാരങ്ങ തുടങ്ങിയവ ആഹാരക്രമത്തില്‍ ഉപ്പെടുത്തുന്നതാണ് ഉത്തമം.
എന്നാല്‍ ആദ്യകാലങ്ങളില്‍ യൂറിക് ആസിഡ് വര്‍ദ്ധിച്ചുവരുന്ന എല്ലാവര്ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. മറിച്ച് ഇവ സന്ധികളില്‍ അടിഞ്ഞുകൂടിയതിനു ശേഷമായിരിക്കും വേദന അനുഭവപ്പെടുന്നത്. അമിത ശരീരഭാരം ഉള്ളവര്‍ കൃത്യമായും വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കുന്നതാണ് ഉത്തമം. കാരണം ഭക്ഷണം കഴിക്കാതിരുന്നാലും യൂറിക് ആസിഡ് വര്‍ദ്ധിക്കും. നന്നായി വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
മൂത്രത്തിന്റെ നിറം തെളിഞ്ഞതാണെന്നു എന്ന് ഉറപ്പാക്കുക. നാരങ്ങാവെള്ളം ധാരാളം കുടിക്കുന്നതും ഉത്തമമാണ്.
ഗൗട്ട് എന്നത് പല വാത രോഗങ്ങളുമായി വളരെ അടുത്ത് സാമ്യമുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ നേരത്തേ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
https://www.facebook.com/Malayalivartha