കൊച്ചു കുട്ടികളോട് ലൈംഗികവാഞ്ഛ - പീഡോഫീലിയ . മാതാപിതാക്കൾ മക്കളെ ശ്രദ്ധിച്ചാൽ സമൂഹം അവരെ കല്ലെറിയില്ല....

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം. എന്താണ് ഇത്തരം വൈകൃതങ്ങൾക്കു പിന്നിൽ? ഒരു കുറ്റകൃത്യമെന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങള്‍ കാണുമ്പോള്‍ കുറ്റവാളിക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ കൊടുക്കണമെന്ന് നമ്മള്‍ വാദിക്കും. എന്നാല്‍ ശിക്ഷ കഴിഞ്ഞു പുറത്തു വരുന്ന വ്യക്തി വീണ്ടും ഇതേ കുറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പില്ല. അപ്പോൾ ഇത്തരം കേസുകളിൽ നിയമവും ശിക്ഷയും മാത്രം മതിയോ?
പിഡോഫീലിയ എന്ന ലൈംഗിക വൈകൃതത്തെ കുറിച്ചും അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചുമുള്ള ഒരു ചിന്തയാണിത്. മുന്‍വിധികള്‍ മാറ്റിവച്ചുകൊണ്ട് ഈയൊരവസ്ഥ വിശകലനം ചെയ്യാം.
പതിമൂന്ന് വയസ്സോ അതിന് താഴെയോ പ്രായമുള്ള കുട്ടികളോട് ആവര്‍ത്തിച്ചനുഭവപ്പെടുന്ന തീവ്രമായ ലൈംഗികാകര്‍ഷണം, അനുബന്ധ താല്പര്യങ്ങള്‍, മനോരാജ്യങ്ങള്‍ എന്നിവയും ഇത്തരം ത്വരകള്‍ മൂലം കുട്ടികള്‍ക്ക് നേരെ നടത്തുന്ന അനുചിത ചേഷ്ടകളുമെല്ലാം പിഡോഫീലിയയുടെ ലക്ഷണങ്ങളായി കാണാം.
ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരമായതാണ് കുഞ്ഞുങ്ങൾ. അവരുടെ ഓമനത്തവും നിഷ്‌കളങ്കതയും ഏത് കഠിനഹൃദയനെ പോലും അലിയിച്ചെന്നും വരാം. എന്നാൽ ഇതിന്റെ ഏറ്റവും ഇരുളടഞ്ഞതും നികൃഷ്ടവുമായ മുഖമാണ് പിഡോഫീലിയ.
കുട്ടികളെ കാണുമ്പോള്‍ ഉണ്ടാവുന്ന ആവര്‍ത്തിച്ചു വരുന്ന ലൈംഗികാസക്തിയും, അതുമൂലം വ്യക്തിയുടെ ലൈംഗിക പെരുമാറ്റത്തിലും സങ്കല്പത്തിലും കുട്ടികളോട് ലൈംഗിക താല്പര്യം തോന്നുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയാണ് ഇത്. ഇങ്ങനെയുള്ള ആളുകള്‍ കുട്ടികളെ പീഡിപ്പിക്കാന്‍ സ്വയം പ്രേരിതരാവുകയും അതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നവരുമാണ്.
ഇത്തരം ആൾക്കാർ അവർ ചെയ്യുന്നത് തെറ്റാണെന്ന ബോധമുള്ളവരും എന്നാൽ സ്വയം നിയന്ത്രിക്കാൻ കഴിയാത്തവരുമായിരിക്കും. ഈ താല്പര്യത്തിന്റെ തീവ്രത പലപ്പോഴും ഒരു മുതിര്‍ന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയായ എതിര്‍ലിംഗക്കാരോട് തോന്നുന്നതിന് തുല്യമോ അതിലും കൂടുതലോ ആയിരിക്കാം.
അധികപങ്ക് പിഡോഫീലിയ ബാധിതരും സൂക്ഷ്മമായി ആസൂത്രണം ചെയ്താണ് തങ്ങളുടെ ഇരകളെ തിരഞ്ഞെടുത്ത് വശത്താക്കുന്നത്. കുട്ടികളെ തന്ത്രപൂര്‍വ്വം പരിചയപ്പെടുകയും അവരുമായി സൗഹൃദം വളര്‍ത്തുകയും, അവരുടെ കുടുംബാംഗങ്ങളുടെ വരെ വിശ്വാസമാര്‍ജ്ജിക്കുകയും ഇത്തരക്കാര്‍ ചെയ്യുന്നു.വേണ്ടത്ര പരിഗണനയോ വാത്സല്യമോ കിട്ടാത്ത, പ്രശ്നങ്ങള്‍ നിറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ളവരോ ശാന്തസ്വഭാവികളോ നല്ല അനുസരണ ശീലമുള്ളവരോ ആയ കുട്ടികളെയാണ് പലപ്പോഴും ഇക്കൂട്ടര്‍ ഉന്നം വയ്ക്കാറുള്ളത്. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ പ്രലോഭനമോ ഭീഷിണിയോ വഴി കുട്ടിയെ ഉപയോഗപ്പെടുത്തുന്നു. ചെറുത്തുനില്‍ക്കാനാകാത്ത വിധം കുട്ടി വലയില്‍ കുരുങ്ങാനും അതുകൊണ്ടുതന്നെ പീഡനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാനും ഇടവരികയും ചെയ്യുന്നു. പലപ്പോഴും ഒന്നിലധികം തവണ പീഡനം നടന്ന ശേഷമാകാം വിവരങ്ങള്‍ പുറത്തറിയുന്നത് തന്നെ.
തങ്ങളുടെ പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ തയ്യാറാവുന്ന പിഡോഫീലിയ ബാധിതരധികവും വെളിപ്പെടുത്താറുള്ളത് ഇത്തരം താല്‍പര്യങ്ങള്‍ തങ്ങളില്‍ കൗമാരത്തില്‍ തന്നെ തലപൊക്കിയിരുന്നു എന്നാണ് .കൗമാരത്തില്‍ തന്നെ ഇത്തരം താല്‍പര്യങ്ങള്‍ കണ്ടെത്താനോ മാനസിക സംഘര്‍ഷങ്ങളും കുറ്റവാസനകളും ഒഴിവാക്കാനുതകുന്ന നടപടികളെടുക്കാനോ ഉള്ള അവസരങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ല . എന്നാൽ ഒരു പരിധിവരെയെങ്കിലും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇത്തരം കുട്ടികളെ കണ്ടെത്താനായേക്കും.
മുൻപ് സ്‌കൂളുകളിലും വീട്ടിലും കുട്ടികൾക്ക് കുടുംബാംഗങ്ങളോടും കൂട്ടുകാരോടും അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കുട്ടികളും മാതാപിതാക്കളും റാങ്കിന്റെയും കലോത്സവത്തിലെ ട്രോഫിയുടെയും പുറകെയാണ്. അതുകൊണ്ടുതന്നെ കുട്ടികളിലെ മാനസിക സംഘർഷങ്ങൾ അറിയാതെ പോകുന്നതും ഇത്തരം അവസ്ഥക്ക് കാരണമാകുന്നുണ്ട്.
സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥ , കൂട്ടുകുടുംബങ്ങളുടെ അഭാവം , ന്യൂക്ലിയര്‍ ഫാമിലിയിലെ കുട്ടികളുടെ അരക്ഷിതാവസ്ഥ , മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ എന്നിങ്ങനെ പലകാരണങ്ങൾ പീഡോഫീലിയക്ക് കരണമാകുമ്പോൾ ഈ കാരണങ്ങൾ തന്നെ ഇരകളായ കുട്ടികൾക്ക് അത് ബന്ധപ്പെട്ടവരോട് തുറന്നു പറയാൻ കഴിയാതിരിക്കുന്നതിനും കാരണമാകുന്നു.സാമ്പത്തിക സ്ഥിതി കുറഞ്ഞ , വീട്ടില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കുട്ടികളെ എളുപ്പം പ്രലോഭിപ്പിക്കാന്‍ കഴിയുമെന്നത് ഇത്തരക്കാർക്ക് പ്രചോദനവുമാകുന്നു.
കുട്ടികളോട് ലൈംഗിക അതിക്രമം കാണിക്കുന്നവര്‍ക്കെല്ലാം പിഡോഫീലിയ ആണെന്നും ഇതിനര്‍ഥമില്ല. കുട്ടികളെ ലൈംഗികമായി അതിക്രമിക്കുന്നവരില്‍ പത്തില്‍ ഒരാള്‍ മാത്രമാണ് പിഡോഫീലിയാക് ആകാനുള്ള സാധ്യത.അതുകൊണ്ട് തന്നെ പിഡോഫീലിയയില്‍ ഒതുക്കേണ്ടതല്ല കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികചൂഷണം.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഫലപ്രദമായ നേരിടണമെങ്കില്‍ ശരിയായ നിയമപരിരക്ഷക്കൊപ്പം തന്നെ സമാന്തരമായി സാമൂഹിക അവബോധം കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു .
https://www.facebook.com/Malayalivartha