വെരിക്കോസ് വെയിനിന് ആശ്വാസമായി ലേസര്‍ തെറാപ്പി

വെരിക്കോസ് വെയിന്‍ എന്ന അസുഖത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിവുണ്ടാകാം. 1500-ല്‍ പരം വര്‍ഷം പഴക്കമുള്ള വൈദ്യ ഗ്രന്ഥങ്ങളില്‍ പോലും ഈ അസുഖത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി കാലിലെ മസ്സിലുകളെയാണ് ഇത് ബാധിക്കുന്നത്. ആയൂര്‍വേദത്തിലും അലോപ്പതിയിലും പല രീതിയിലുളള ചികിത്സ വിധികള്‍ വെരിക്കോസ് വെയിനിന് ഉണ്ടെങ്കിലും ഒന്നും അത്ര ഫലവത്തല്ല. ശസ്ത്രക്രിയയാണ് വെരിക്കോസ് വെയിനിനുള്ള സാധാരണ ചികിത്സ. ഇപ്പോള്‍ ശസ്ത്രക്രിയ കൂടാതെ അതിനൂതനമായ ലേസര്‍ ചികിത്സയും സാധ്യമാണ്. എന്‍ഡ്രാവെനസ് ലേസര്‍തെറാപ്പി എന്നറിയപ്പെടുന്ന ഈ ചികിത്സാ രീതി വളരെ ഫലവത്തും വേദന കുറഞ്ഞതുമാണ്. എന്താണ് വെരിക്കോസ് വെയിന്‍? ലേസര്‍ തെറാപ്പി വെരിക്കോസ് വെയിനിന് എങ്ങനെ ഫലവത്താകുന്നു? അതേക്കുറിച്ച് നമുക്ക് അറിയാം.
രക്തക്കുഴലുകളിലെ വാല്‍വുകള്‍ പലകാരണങ്ങളാല്‍ ദുര്‍ബലമാകുന്നത് രക്തം കെട്ടി നില്‍ക്കാന്‍ കാരണമാകുന്നു. തുടര്‍ന്ന് ഞരമ്പുകള്‍ വികസിക്കുകയും കെട്ടു പിണഞ്ഞതുപോലെ കാണപ്പെടുകയും ചെയ്യും. ആരോഗ്യവാനായ വ്യക്തിയില്‍ ഹൃദയത്തില്‍ നിന്ന് രക്തക്കുഴലുകളിലേക്ക് രക്തം പ്രവഹിക്കുകയും തിരിച്ച് ഈ രക്തം ഹൃദയത്തിലേക്ക് പോവുകയും ചെയ്യും. പക്ഷേ, വെരിക്കോസ് ബാധിച്ച വ്യക്തിയുടെ രക്തക്കുഴലിന് തിരിച്ചു രക്തം പ്രവഹിപ്പിക്കാനുള്ളശേഷി ഉണ്ടാവില്ല.
ശരീരത്തിലുണ്ടാക്കുന്ന ഒരു ചെറിയ സുഷിരത്തിലൂടെ അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെ രോഗഗ്രസ്തമായ വെരിക്കോസ് വെയിനിലേക്ക് ഒരു ഫൈബര്‍ ട്യൂബ് മുഖേന ലേസര്‍ കടത്തിവിടുന്നു. ലേസര്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷം പതുക്കെ പിന്‍വലിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി രക്തക്കുഴല്‍ ചുരുങ്ങുന്നു. അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെയും രോഗിക്ക് ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയതിനും ശേഷമാണ് ലേസര്‍ തെറാപ്പി ചെയ്യുന്നത്. ലേസര്‍ തെറാപ്പിക്ക് ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ സമയം വരെ എടുത്തേക്കാം. ചികിത്സയ്ക്കു ശേഷം ശരിയായ മര്‍ദം പ്രസ്തുത ശരീരഭാഗത്ത് ലഭിക്കാനായി ഇറുക്കമുള്ള സ്‌റ്റോക്കിങ്ങ്‌സ് ധരിക്കേണ്ടതുണ്ട്. സാധാരണ പ്രവൃത്തികള്‍ തൊട്ടടുത്ത ദിവസം മുതല്‍ ചെയ്തു തുടങ്ങാമെങ്കിലും അത്യാധ്വാനമുള്ള പ്രവൃത്തികള്‍ ഒരാഴ്ചക്കുശേഷം ചെയ്യുന്നതാകും നല്ലത്. വളരെ കുറഞ്ഞ ശതമാനം ആളുകളില്‍ വര്‍ഷങ്ങള്‍ക്കുശേഷം രോഗം വീണ്ടുമുണ്ടാകാനുള്ള സാധ്യതയും കാണാറുണ്ട്. സുരക്ഷിതവും അത്യധികം ഫലവത്തുമായ ഈ ലേസര്‍ തെറാപ്പി ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത രോഗിക്ക് ചികിത്സയ്ക്കു ശേഷം നടന്നുപോകാമെന്നതാണ്.
https://www.facebook.com/Malayalivartha