വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കാം

ഓരോ വര്‍ഷവും ചുടുകൂടിവരികയാണ്. പൊടിപടലങ്ങളും വരണ്ടുണങ്ങിയ അന്തരീക്ഷവും ആസ്മ, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ കൂടാനിടയാകും. ചൂട് കൂടിയ കാലാവസ്ഥ ചിക്കന്‍പോക്‌സ്, അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ വാരാനുളള സാധ്യതയുണ്ട്. ചിക്കന്‍പോക്‌സില്‍ പനി വന്ന ആദ്യ ദിവസം തന്നെ ശരീരത്തില്‍ വലിയ കുമിളകള്‍ പോലെ കാണും. അഞ്ചാംപനിയില്‍ പനി തുടങ്ങി നാലോ അഞ്ചോ ദിവസം കഴിഞ്ഞ് മണലുകോരിയിട്ടതു പോലുള്ള കുരുക്കളാകും ഉണ്ടാവുക. ഇതു കൂടുതലും മുഖത്താണ് വരിക. രോഗത്തിന്റെ തുടക്കത്തിലെ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാണം. ചിക്കന്‍പോക്‌സിന് അസിക്ലോവിര്‍ പോലുള്ള ഫലപ്രദമായ മരുന്നുകളുണ്ട്. വാക്‌സിനുകള്‍ ലഭ്യമാണ്.
വേനല്‍കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നതാണ് നല്ലത്. ഇത് മഞ്ഞപ്പിത്തവും വയറിളക്കവും പോലുള്ള ജലജന്യരോഗങ്ങള്‍ തടയും. പുറത്തു നിന്നുള്ള ആഹാരപാനീയങ്ങള്‍ കുറയ്ക്കണം. പാത്രങ്ങള്‍ കഴുകുന്നതു പോലും തിളപ്പിച്ച വെള്ളം കൊണ്ടാണെങ്കില്‍ കൂടുതല്‍ നല്ലത്. പകല്‍ച്ചൂട് ശക്തമായതിനാല്‍ കുട്ടികളെ അധികസമയം പുറത്തു കളിക്കാന്‍ വിടേണ്ട. പ്രത്യേകിച്ച് 11 നും 3 നും ഇടയ്ക്കുള്ള സമയത്ത്. മുതിര്‍ന്നവരും ആ സമയത്ത് വെയിലത്തിറങ്ങി നടക്കരുത്. സ്‌കൂളില്‍ ശുദ്ധജലം ലഭ്യമാണ് എന്നുറപ്പുവരുത്തണം. ഇല്ലങ്കില്‍ തിളപ്പിച്ചാറിയ വെള്ളം കൊടുത്തുവിടണം. ഐസ്‌ക്രീം, തണുപ്പിച്ച വെള്ളം എന്നിവ ചൂടുകാലത്ത് നല്ലതല്ല. തൊണ്ടയില്‍ തണുപ്പേല്‍ക്കുമ്പോള്‍ ആ ഭാഗത്തെ രക്തക്കുഴലുകള്‍ ചുരുങ്ങും, രോഗാണുക്കളെ നീക്കാനുള്ള തൊണ്ടയുടെ ശേഷി കുറയും. ഇത് തൊണ്ടവേദനയ്ക്കു കാരണമാകാം.
ദിവസവും 8-10 ഗ്ലാസ്സ് വെള്ളം കുടിക്കണം. ഇത് ചൂടുണ്ടാക്കുന്ന നിര്‍ജലീകരണം മൂലമുള്ള ക്ഷീണവും തളര്‍ച്ചയും കുറയ്ക്കും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവ ദിവസവും രണ്ടു ഗ്ലാസ്സെങ്കിലും കുടിക്കുക. അമിത വിയര്‍പ്പിലൂടെ ധാതുലവണങ്ങള്‍ നഷ്ടമാകുന്നത് തടയാം. കാപ്പിക്കു പകരം ഗ്രീന്‍ ടീ കുടിക്കുക. ഈ സമയത്ത് പ്രാദേശികമായി ലഭ്യമായ പഴങ്ങള്‍ക്ക് വേനലിന്റെ കാഠിന്യത്തെ ചെറുക്കാനാവശ്യമായ പോഷകങ്ങളുണ്ടാകും. തണ്ണിമത്തനില്‍ ചര്‍മനാശം തടയുന്ന ലൈക്കോപീന്‍ ധാരാളമുണ്ട്. ഓറഞ്ചിലെ പൊട്ടാസ്യം ലവണ നഷ്ടം മൂലമുള്ള കോച്ചിപ്പിടുത്തം കുറയ്ക്കും.
https://www.facebook.com/Malayalivartha